കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ല – ആര്‍. തിരുമലൈ

347

ഇരിങ്ങാലക്കുട : ഇന്ത്യയുടെ സ്വാതന്ത്രസമരക്കാലത്തൊന്നും സമരമുഖത്തില്ലാതിരുന്നവര്‍ പിന്നീട് വല്ലാത്ത ദേശഭക്തി ചമയുകയും മറ്റുളളവരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന കപടഭക്തര്‍, കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ലെന്ന് എ.ഐ. വൈ .എഫ് ദേശീയ സെക്രട്ടറി ആര്‍ തിരുമലൈ. മുന്‍ എ .ഐ. വൈ. എഫ് ദേശീയ സെക്രട്ടറി കൂടിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ മുരിയാട് മേഖല തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗത് സിംഗ് അടക്കമുള്ള യുവജന നേതാക്കള്‍ സ്വാതന്ത്യ സമരത്തില്‍ ജീവത്യാഗം ചെയ്ത പ്രസ്ഥാനത്തിന്റെ വക്താക്കളോടാണ് ദേശസ്‌നേഹം പറയുന്നത്. അന്നൊന്നും ആ പരിസരത്തൊന്നുമില്ലാത്തവരാണിതു പറയുന്നത്. രാജ്യത്തിന്റെ നാനാവിധത്തിലുള്ള സുരക്ഷിതത്വം ആവശ്യപ്പെടുന്ന ഒരു പ്രതിസന്ധി കാലഘട്ടത്തിലാണ് രാജ്യം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ത്രീകള്‍, ആദിവാസികള്‍, കൃഷിക്കാര്‍ , വിദ്യാര്‍ത്ഥികള്‍, തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ഇവരുടെയെല്ലാം ശബ്ദം പാര്‍ലിമെന്റില്‍ ഉയര്‍ത്തുന്നതിന് ഇടതുപക്ഷ ശക്തികളുടെ ശക്തമായ പ്രാതിനിധ്യം ഉണ്ടായേ തീരു. ഇത്തരമൊരു സാഹചര്യത്തില്‍ കയ്യും മെയ്യും മറന്ന് ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. നോട്ട് നിരോധനമേര്‍പ്പെടുത്തിയതിന്റെയും ജി.എസ്.ടി കൊണ്ടുവന്നതിന്റെയും മതചിന്ത വളര്‍ത്തി രാജ്യത്തെ പിറകോട്ടടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെയും തിരുമലൈ വിശദീകരിച്ചു.ടി ആര്‍ ദേവരാജന്‍ അധ്യക്ഷനായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട്, ടി.കെ സുധീഷ് , കെ.പി ദിവാകരന്‍ മാസ്റ്റര്‍, കെ സി ഗംഗാധരന്‍ മാസ്റ്റര്‍ , ടി ജി ശങ്കരനാരായണന്‍, എം ബി രാഘവന്‍ മാസ്റ്റര്‍, ടി എം മോഹനന്‍ ,സരള വിക്രമന്‍, ലത ചന്ദ്രന്‍, കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.

Advertisement