വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് സ്നേഹത്തിന്റെ പ്രവര്‍ത്തികളാല്‍ പ്രശോഭിതമാകണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

298

ഇരിങ്ങാലക്കുട: സ്നേഹത്തിലൂടെ പ്രകാശിതമാകുന്ന ജീവിതശൈലിയിലൂടെ സമൂഹത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് സിഎല്‍സി അംഗങ്ങളെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സംസ്ഥാനതലത്തിലുള്ള 457-ാമത് ലോക സിഎല്‍സി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സ്നേഹത്തില്‍ പ്രകാശിതമാകുന്ന പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് നമുക്ക് ഉണ്ടാകേണ്ടത്. അതിനായി ആത്മീയതയില്‍ ആഴപ്പെടുകയും വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍ക്കുകയും വേണം. ഇതുമൂലം സ്വതന്ത്രമായ മനുഷ്യജീവിതത്തില്‍ വിജയവും സംതൃപ്തിയും സന്തോഷവും സമാധാനവും കൈവരിക്കുവാന്‍ സാധിക്കുമെന്നും ബിഷപ് കൂട്ടിചേര്‍ത്തു. സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സിഎല്‍സി സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് ആമുഖപ്രസംഗം നടത്തി. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ഡെയ്സണ്‍ കവലക്കാട്ട് സന്ദേശം നല്‍കി. പ്രളയത്തില്‍ സഹായ ഹസ്തങ്ങളായിരുന്ന ഇടവക യൂണിറ്റുകള്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി. ദേശീയ സിഎല്‍സി വൈദീക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, രൂപത സിഎല്‍സി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംങ്കുളം, സംസ്ഥാന സിഎല്‍സി സെക്രട്ടറി ഷോബി കെ. പോള്‍, രൂപത സിഎല്‍സി പ്രസിഡന്റ് റോഷന്‍ തെറ്റയില്‍, സെക്രട്ടറി ബിബിന്‍ പോള്‍, കത്തീഡ്രല്‍ സിഎല്‍സി ഓര്‍ഗനൈസര്‍ നെല്‍സണ്‍ പോളി എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വിനേഷ് കൊളേങ്ങാടന്‍, റീത്ത ദാസ്, സംസ്ഥാന ഭാരവാഹികളായ ഡില്‍ജോ തരകന്‍, ജെയിംസ് പഞ്ഞിക്കാരന്‍, അലീന ഫെര്‍ണാണ്ടസ്, ജിഫി ജോഷി, ഫൊറോന സിഎല്‍സി പ്രസിഡന്റ് അബീദ് വിന്‍സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫൊറോന സിഎല്‍സി പ്രമോട്ടര്‍ ഫാ. ഫ്രാന്‍സിസ് തന്നാടന്‍ പതാക ഉയര്‍ത്തി. ‘ഇന്നത്തെ കാലഘട്ടത്തില്‍ സഭ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഫാ. റോയ് കണ്ണന്‍ചിറ ക്ലാസ് നയിച്ചു.

 

Advertisement