കെയര്‍ ഹോം പദ്ധതി-ഓമനയ്ക്കും, ദേവനും സ്വപ്നഭവനം ഇനി സ്വന്തം

533

പുല്ലൂര്‍-മഹാപ്രളയത്തില്‍ സര്‍വ്വതും നശിച്ച് കയറിക്കിടക്കാനിടമില്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കെയര്‍ഹോം പദ്ധതി പ്രകാരം ആദ്യ ഘട്ട ഭവനനിര്‍മ്മാണം പൂര്‍ത്തിയായി.മുകുന്ദപുരം താലൂക്കില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം 9 വീടുകളാണ് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് .2 വീടുകളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും മറ്റ് രണ്ട് വീടുകളുടെ നിര്‍മ്മാണം 95 ശതമാനവും ബാക്കിയുള്ള 5 വീടുകളുടെ നിര്‍മ്മാണം 85 ശതമാനവും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.പുല്ലൂര്‍ വില്ലേജിലെ ഊരകത്ത് ചെറുപറമ്പില്‍ ഓമനയുടെയും ,അമ്പലനടയില്‍ കൊളയാട്ടില്‍ ദേവന്റെയും വീടുകളാണ് ഇതിനകം പൂര്‍ത്തീകരിച്ചിരിക്കുന്നത് .ഡിസംബര്‍ 21 ന് കല്ലിട്ട 500 മുതല്‍ 550 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള ഈ വീടുകള്‍ 57 ദിവസങ്ങള്‍ കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത് .വ്യക്തമായ ആസൂത്രണവും ,കൃത്യമായ നിരീക്ഷണവും ,കാര്യക്ഷമമായ ഇടപെടലുമാണ് പ്രഖ്യാപിച്ച സമയത്തിന് 10 ദിവസം മുമ്പെ തന്നെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് .ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ അവസാനവാരത്തില്‍ 4 വീടുകള്‍ക്കും ജനുവരി 2 ാം വാരത്തില്‍ രണ്ടാം ഘട്ടത്തിലെ 5 വീടുകള്‍ക്കുമാണ് തറക്കല്ലിട്ടത് .മുകുന്ദപുരം താലൂക്കില്‍ ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന 80 വീടുകളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നത് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് .

Advertisement