ഇരിങ്ങാലക്കുട : ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെയും ഡോക്യുമെന്ററിയുടെയും പ്രദര്‍ശനോത്സവം തൃശ്ശൂര്‍ സാഹിത്യഅക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രസമാലിക ക്രിയേഷന്‍സാണ് പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 21 ന് 5.30 നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനോത്സവത്തോടനൂബന്ധിച്ച് സെമിനാറും നടക്കും. സിനിമാ സാഹിത്യരംഗത്തെയും ജയില്‍വകുപ്പിലേയും പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും. ആദ്യമായാണ് ജയില്‍പുള്ളികള്‍ നടത്തുന്ന സൃഷ്ടികളുടെ പ്രദര്‍ശനം നടക്കുന്നത്. ജയില്‍ ചരിത്രത്തില്‍ ആദ്യമായി ചീമേനി ജയിലില്‍ നടത്തിയ ഫിലിം മേക്കിംഗ് കോഴ്‌സില്‍ പങ്കെടുത്ത അന്തേവാസികളാണ് സിനിമയിലും ഡോക്യമെന്ററിയിലും അഭിനയിച്ചത്. തടവുപുള്ളികളുടെ മാനസികപരിവര്‍ത്തനത്തിനും കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികളിലൊന്നാണ് ഫിലിം മേക്കിംഗ് കോഴ്‌സ്. പ്രശസ്ത സംവിധായകനായ ചിദംബര പളനിയപ്പനാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. ചീമേനി തുറന്ന ജയിലിനെകുറിച്ചുള്ള ഡോക്യമെന്ററിയും എബിസിഡി എന്ന ഹൃസ്വചിത്രവും ജയില്‍ അന്തേവാസികള്‍ ജയിലിനുള്ളില്‍വച്ചാണ് നിര്‍മ്മിച്ചത്. ഇതില്‍ 22 തടവുകാര്‍ അഭിനയിച്ചു. ടി കോഴ്‌സില്‍ ജീവപരന്ത്യം ശിക്ഷയനുഭവിക്കുന്ന ഇരിങ്ങാലക്കുടക്കാരനായ ഷാ തച്ചില്ലത്ത് തനിക്കു ലഭിച്ച പരോള്‍ നാളുകളില്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച നാകം എന്ന ഹൃസ്വസിനിമയുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ രാജേഷ് നാണുവാണ് നാകം സംവിധാനം ചെയ്തത്. ബംഗ്ലാദേശില്‍ നടക്കുന്ന ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിലേക്ക് നാകം നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Advertisement