പ്രളയവും ജപ്തിയും തകര്‍ത്ത സഹപാഠിക്ക് തവനീഷ് സംഘടനയുടെ കൈത്താങ്ങ്

473
Advertisement

ഇരിങ്ങാലക്കുട:ജപ്തിഭീഷണിയിലായിരുന്ന സഹപാഠിയുടെ കടബാധ്യത തീര്‍ത്ത് ക്രൈസ്റ്റ് കോളേജിലെ തവ്‌നീഷ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ മാതൃകയായി. ക്രൈസ്റ്റ്
കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിനിയായ അമൃതയ്ക്കാണ് പ്രളയം കഴിഞ്ഞിട്ടും
വിദ്യാര്‍ത്ഥിമനസ്സുകളില്‍ നിന്നും തുടരുന്ന സ്‌നേഹപ്രവാഹത്തിന് പാത്രമാകാന്‍ ഭാഗ്യം
ലഭിച്ചത്. അഷ്ടമിച്ചിറ സ്വദേശിയായ മുരളി, ബീന ദമ്പതികളുടെ രണ്ടു പെണ്‍ മക്കളില്‍
ഇളയവളായ അമൃതയുടെ വീട് പ്രളയത്തിനുമുമ്പ് തന്നെ ജപ്തിഭീഷണിയില്‍
ആയിരുന്നു. പ്രളയത്തില്‍ വീട് വിണ്ടുകീറിയതോടെ വീട്ടില്‍ സുരക്ഷിതമായി
കിടന്നുറങ്ങാനും കഴിയാതെയായി. സര്‍ക്കാര്‍ ധനസഹായം വീട് തകര്‍ന്നുപോയവര്‍ക്ക്
മാത്രമേ ലഭിക്കൂ എന്ന സാങ്കേതികത്വത്തിന്‍മേല്‍ കുടുംബത്തിന്റെ ജീവിതം
വഴിമുട്ടിയപ്പോഴാണ് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ സഹായ ധനം സ്വരൂപിക്കാന്‍
മുന്നിട്ടിറങ്ങിയത്. ആകെയുള്ള 1,65,000 രൂപയുടെ കടത്തില്‍ നിന്ന് 65,000 രൂപ ഇളവ്
നല്‍കാന്‍ അഷ്ടമിച്ചിറ സഹകരണ ബാങ്ക് തയ്യാറായതോടെ വിദ്യാര്‍ത്ഥികളുടെ സ്വപ്നം
പൂവണിഞ്ഞു. കിടപ്പുരോഗിയായ അച്ഛന്‍ മുരളിയും ദിവസവേതനക്കാരിയായ അമ്മ
ബീനയും സഹോദരി ആര്യയും അടങ്ങുന്ന കുടുംബം തവനീഷിന്റെ സഹായം
ലഭിച്ചതിന്റെ താല്‍ക്കാലിക ആശ്വാസത്തിലാണ്.കോളേജില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മാത്യു പോള്‍ ഊക്കന്‍ ബാങ്കില്‍ നിന്ന് തിരിച്ചെടുത്ത ആധാരം അമൃതയ്ക്ക് കൈമാറി. വൈസ്പ്രിന്‍സിപ്പല്‍  ഫാ.ജോയി പീനിക്ക പ്പറമ്പില്‍, തവനീഷ് കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ് മുരളി ,തവനീഷ് പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായി.

Advertisement