ടി .വി കൊച്ചുബാവയെ അനുസ്മരിക്കുമ്പോള്‍………

634

ഇരിങ്ങാലക്കുട : ‘രസമയരാജ്യസീമ കാണ്മാന്‍, തനിക്ക് ഏഴാമിന്ദ്രീയമിനിയമ്പോടേകുമമ്മേ’! (കാവ്യകല)
എന്നാണ് മഹാകവി കുമാരനാശാന്‍ പ്രാര്‍ത്ഥിച്ചത്. തന്റെ കലാസൃഷ്ടി അനുപമവും, അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതുമായിരിക്കണമെന്ന്് ഓരോ കലാകാരന്മാരും ആഗ്രഹിയ്ക്കുന്നു. പക്ഷെ, ഉദ്ധിഷ്ടകാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നു. പക്ഷേ, ഉദ്ധിഷ്ട കാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നുണ്ടോ? സിദ്ധിയും സാധനയുമാണ് എഴുത്തുകാരന്റെ കൈ മുതല്‍. ഇതു രണ്ടും സമന്വയിച്ചവരെ കലാദേവത കനിഞ്ഞനുഗ്രഹിക്കുന്നു. അവരാണ് യഥാര്‍ത്ഥ പ്രതിഭാശാലികള്‍. കാലത്തെ കടന്നുചെന്ന് അനുവാചകഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച എഴുത്തുകാരനാണ് കാട്ടൂര്‍ സ്വദേശിയായ ടി.വി.കൊച്ചുബാവ. അദ്ദേഹം പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂല സാഹചര്യമാക്കി മാറ്റി കലാസൃഷ്ടി നടത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ നമുക്കോര്‍മ്മ വരുന്നു.
സുഹൃത്തുക്കള്‍ ബാവയുടെ ദൗര്‍ബല്യവും അതോടൊപ്പം ഏറ്റവും വലിയ സമ്പത്തുമായിരുന്നു. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും പരിചയപ്പെട്ടവര്‍ തീര്‍ച്ചയായും ആ പെരുമാറ്റത്തില്‍, സത്യസന്ധതയില്‍ ആകൃഷ്ടരാകാതിരിക്കയില്ല. ഇരിങ്ങാലക്കുടയും പരിസരപ്രദേശങ്ങളുമാണ് കൊച്ചുബാവ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയത്. മലയാള ചെറുകഥ, നോവല്‍ പ്രസ്ഥാനത്തില്‍ എക്കാലവും അഭിമാനിക്കാവുന്ന അപൂര്‍വ്വം സൃഷ്ടികളുടെ ഉടമയാണദ്ദേഹം.
അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ ആവിഷ്‌ക്കരിയ്ക്കുന്നതില്‍ അസൂയാര്‍ഹമായ പാടവം പ്രദര്‍ശിപ്പിച്ച ബാവ തന്റെ നിയോഗം എഴുത്താണെന്ന് നന്നെ ചെറുപ്പത്തില്‍ത്തന്നെ തിരിച്ചറിഞ്ഞു. വാക്കുകള്‍, സന്ദര്‍ഭങ്ങള്‍ നക്ഷത്രശോഭയോടെ തെരഞ്ഞെടുക്കുന്നതിലും, പ്രയോഗിയ്ക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു. മാതൃകകളിലും ചേതോഹരമായ ഒരു വാങ്മയ ലോകം പടുത്തുയര്‍ത്തിയിട്ടാണദ്ദേഹം അകാലത്തില്‍ നമ്മെവിട്ടുപിരിഞ്ഞത്. അനുഭവപ്പെടുമ്പോഴാണ് ആസ്വാദനം പൂര്‍ണ്ണതയിലെത്തുന്നതെന്ന് ഓരോ സൃഷ്ടിയും വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്നു.
‘വൃദ്ധസദനം’ എന്ന ഒരു നോവല്‍ മാത്രം മതി കൊച്ചുബാവ ചിരസ്മരണീയനാകാനെന്ന് അഭിപ്രായപ്പെടുത് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരാണ്. സമൂഹത്തില്‍ ഇന്ന് സര്‍വ്വസാധാരണവും അന്ന് അപൂര്‍വ്വവുമായിരുന്ന വൃദ്ധസദനത്തെ അസാധാരണമായി ആവിഷ്‌ക്കരിച്ച ബാവ, അക്ഷരങ്ങളിലെ ആഴക്കടല്‍ അപ്പാടെ അനുവാചകനു മുന്നില്‍ തുറന്നു തരുന്നു. കുറെക്കാലം കൂടി കലാലോകം അടക്കിവാണിരുന്നെങ്കില്‍ മാലയാളഭാഷയും, സാഹിത്യവും കുറെക്കൂടി ധന്യമാകുമായിരുന്നു.

യാതൊരു മുന്‍പരിചയവുമില്ലാതെ തിരകഥാരംഗത്ത്, ആത്മവിശ്വാസവും, ആത്മാര്‍ത്ഥതയും മുറുകെപ്പിടിച്ച് രൂപപ്പെടുത്തിയ ‘ബലൂണ്‍’ സമ്മാനര്‍ഹമായപ്പോള്‍ ഇരട്ടിമധുരമായി. തൊട്ടതെല്ലാം പൊന്നാക്കിയ ആ വര പ്രസാദം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് നീളുമ്പോള്‍ കൊച്ചുബാവ നമുക്കിടയില്‍ ഇപ്പോഴും ജീവിയ്ക്കുന്നു എന്ന അനുഭവം ഈ ആത്മസുഹൃത്ത് രുചിച്ചറിയുന്നു. അക്ഷരങ്ങളെ അനുപമ സുന്ദരമാക്കിയ ആ പ്രതിഭാശാലി മലയാളത്തിന്റെ പുണ്യം തന്നെ സംശയമില്ല.

 

Advertisement