ആറാട്ടുപുഴ ദേശവിളക്ക് ഭക്തിനിര്‍ഭരമായി

294

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വെളുപ്പിന് 3.30ന് നടതുറന്ന് നിര്‍മാല്യ ദര്‍ശനത്തിനു ശേഷം ശാസ്താവിന് 108 കരിക്കഭിഷേകം നടന്നു. തുടര്‍ന്ന് ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാര്‍ത്ത്, ചുറ്റുവിളക്ക്, നിറമാല, വിശേഷാല്‍ പൂജകള്‍ എന്നിവയോടെയാണ് ദേശവിളക്ക് പരിപാടികള്‍ ആരംഭിച്ചത്.തുടര്‍ന്ന് 7 ന് അഞ്ചമ്പല നിര്‍മ്മാണത്തിനുള്ള കാല്‍നാട്ടുകര്‍മ്മം നടന്നു. ക്ഷേത്രഗോപുരത്തിനു മുമ്പില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വാഴപ്പിണ്ടികള്‍ കൊണ്ട് മനോഹരമായ അഞ്ച് അമ്പലങ്ങള്‍ നിര്‍മ്മിച്ചത്. ശാസ്താപ്രതിഷ്ഠക്ക് അഭിമുഖമായിട്ടാണ് അയ്യപ്പസ്വാമിയുടെ താല്ക്കാലിക അമ്പലം നിര്‍മ്മിച്ചത്. മാളികപ്പുറത്തമ്മ, വാവരുസ്വാമി, കൊച്ചുകടുത്ത സ്വാമി, കരിമല ശാസ്താവ് എന്നിവര്‍ക്കാണ് മറ്റു അമ്പലങ്ങള്‍. ആറാട്ടുപുഴ ശ്രീശാസ്താ ഉടുക്കു പാട്ടുസംഘമാണ് അഞ്ചമ്പല നിര്‍മ്മാണവും അയ്യപ്പന്‍ പാട്ടും നിര്‍വ്വഹിച്ചത്.വൈകീട്ട് 5.30ന് ചുറ്റുവിളക്കും തുടര്‍ന്ന് തിരുവനന്തപുരം അനന്തകൃഷ്ണനും അരവിന്ദ് കൃഷ്ണനും അവതരിപ്പിച്ച തായമ്പക, കടലാശ്ശേരി കൈരളി സംഗീതവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഭജന എന്നിവയുണ്ടായി. വൈകീട്ട് 6ന് തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് എഴുന്നെള്ളിപ്പ് ആരംഭിച്ചു. സര്‍വ്വാലങ്കാര വിഭൂഷിതനായ ഗജവീരന്‍ ചോപ്പീസ് കുട്ടിശങ്കരന്റെ പുറത്ത് എഴുന്നെള്ളിച്ച അയ്യപ്പസ്വാമിക്ക് ഗുരുവായൂര്‍ ഹരിയും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കൊമ്പത്ത് ചന്ദ്രനും സംഘവും അവതരിപ്പിച്ച നാദസ്വരം, ആറാട്ടുപുഴ ശ്രീശാസ്താ ഉടുക്കു പാട്ടുസംഘത്തിന്റെ ഉടുക്കു പാട്ട്, താലമേന്തിയ അംഗനമാര്‍ എന്നിവ അകമ്പടി സേവിച്ചു. ഗൃഹപരിസരത്തെത്തിയ എഴുന്നെള്ളിപ്പിനെ ഭക്തര്‍ തോരണങ്ങള്‍ ചാര്‍ത്തിയും നിലവിളക്കും നിറപറകളും സമര്‍പ്പിച്ചും ആദരിച്ച് പൂജിച്ച് വരവേറ്റു. ആറാട്ടുപുഴ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന എഴുന്നെള്ളിപ്പിനെ കര്‍പ്പൂര ദീപങ്ങളാല്‍ പ്രശോഭിതമായ പന്തലില്‍ ആചാരാനുഷ്ഠാനങ്ങളോടേയും നിറപറകളോടേയും സ്വീകരിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ട് നടന്നു. 11 മുതല്‍ അയ്യപ്പന്‍ പാട്ടും വെളുപ്പിന് 3 മണിക്ക് ഏഴുകണ്ടം അതിര്‍ത്തിയില്‍ നിന്നും പാല്‍ക്കിണ്ടി എഴുന്നെള്ളിപ്പും ഉണ്ടായി. തുടര്‍ന്ന് അയ്യപ്പസ്വാമിയും വാവരും തമ്മിലുള്ള വെട്ടും തടയോടും കൂടി ദേശവിളക്കിന് സമാപനമായി.

Advertisement