പുല്ലൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കണമെന്നാവശ്യം ഉയരുന്നു

378
Advertisement

ഇരിങ്ങാലക്കുട – പുല്ലൂര്‍ മിഷന്‍ ആശുപത്രിക്ക് മുന്‍പിലെ അപകടവളവിലെ ബസ്
കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. അപകടങ്ങള്‍
പതിവായതിനെ തുടര്‍ന്ന് ഉരിയിച്ചറ മുതല്‍ മിഷന്‍ ആശുപത്രി വരെയുള്ള ഭാഗത്ത്
റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ആശുപത്രിക്ക്
താഴെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയത്.
റോഡിന് വീതി കൂട്ടി ടാറിങ് പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ കാത്തിരിപ്പ്
കേന്ദ്രം പുനര്‍നിര്‍മിച്ചിട്ടില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായതോടെ
ബസിനായി എവിടെ നില്‍ക്കണമെന്ന സംശയത്തിലാണ് യാത്രക്കാര്‍. ആശുപത്രിയിലേക്ക്
വരുന്ന രോഗികളടക്കമുള്ളവര്‍ പലയിടത്തായിട്ടാണ് ബസിനായി കാത്ത്
നില്‍ക്കുന്നത്. ഇപ്പോള്‍ ആശുപത്രിക്ക് മുന്‍പിലാണ് കൂടുതല്‍ ബസുകളും
യാത്രക്കാരെ കയറ്റി ഇറക്കുന്നത്. ഇത് ഗതഗാതക്കുരുക്കിനും അപകടങ്ങള്‍ക്കും
കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് ഉണ്ടായിരിന്നിടത്ത് തന്നെ ബസ്
കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെയും
യാത്രക്കാരുടെയും ആവശ്യം.

 

Advertisement