ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജയും കളഭാഭിഷേകവും 7ന്

419

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജയും കളഭാഭിഷേകവും 7.9.2018ന് നടക്കും. നിത്യപൂജകള്‍ക്ക് പുറമെ 18 പൂജകള്‍ കൂടിയതാണ് ഉദയാസ്തമനപൂജ. ക്ഷേത്രത്തില്‍ അന്നേ ദിവസം രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം, ഉഷപൂജ എന്നിവക്ക് ശേഷം ഉദയാസ്തമനപൂജയുടെ 18 പൂജകള്‍ ആരംഭിക്കും. പതിനെട്ടാമത്തെ പൂജയാണ് ഉച്ചപൂജ. സോപാന സംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. തുടര്‍ന്ന് ശാസ്താവിന് തന്ത്രവിധിപ്രകാരം കളഭാഭിഷേകം.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയില്‍ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണിപൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തില്‍ നിറക്കും. പൂജാവിധികളാല്‍ ചൈതന്യപൂര്‍ണ്ണമാക്കിയ കളഭം പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യും. തുടര്‍ന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദര്‍ശനത്തിന് ശ്രേഷ്ഠമാണ്. നമസ്‌കാരമണ്ഡപത്തില്‍ വെച്ചാണ് പൂജകള്‍ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം, എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും. തുടര്‍ന്ന് ശ്രീഭൂതബലിയുമുണ്ടായിരിക്കും. ഇതോടനുബന്ധിച്ച്
ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്, നിറമാല എന്നിവയും ഉണ്ടായിരിക്കും. പൂജകള്‍ക്ക് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും

 

Advertisement