ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്ര പത്തായപുരയില്‍ ആഗസ്റ്റ് 16ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ അവസാനിച്ചു. പത്തായപുരയില്‍ ഒരുക്കിയ തിരുവോണ സദ്യയില്‍ ക്യാമ്പിലുള്ളവരോടൊപ്പം സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് , പെരുവനം കുട്ടന്‍ മാരാര്‍, ദേവസംഗമ സമിതി പ്രസിഡന്റ് എ.എ . കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്യാമ്പിന്റെ ചുമതല ആറാട്ടുപുഴ വില്ലേജ് ഓഫീസര്‍ക്ക് ആയിരുന്നുവെങ്കിലും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ യുവജനങ്ങളായ നാട്ടുകാരുടെ സഹകരണത്തോടെയാണ് വിജയകരമായി ക്യാമ്പ് നടത്തി കൊണ്ടുപോയത്. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളും ലഘുഭക്ഷണവും എത്തിച്ചിരുന്നു.
ആറാട്ടുപുഴ, ഊരകം തൊട്ടിപ്പാള്‍ വില്ലേജുകളില്‍ പെട്ട 260 കുടുംബങ്ങളിലെ 750 പേര്‍ ക്യാമ്പില്‍ സ്ഥിരമായി തങ്ങിയിരുന്നു. ആറാട്ടുപുഴയുടെ ഉയര്‍ന്ന പ്രദേശമായ കരോട്ടു മുറിയിലെ ഓരോ വീട്ടിലും 30 ല്‍ കൂടുതല്‍ അംഗങ്ങള്‍ പോലും ഉണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ പേര്‍ ക്ഷേത്രത്തിന് സമീപത്തുള്ള എന്‍. രാമ ഗോപാലന്‍ നായരുടെ വീടിന്റെ രണ്ടാം നിലയിലാണ് തങ്ങിയിരുന്നത്. ഇത്തരത്തില്‍ പെട്ട 500 ല്‍ പരം ജനങ്ങള്‍ ക്ഷേത്രത്തിലെ ക്യാമ്പില്‍ നിന്നാണ് നിത്യനിദാനം നടത്തിയിരുന്നത്.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.ശിവദാസന്‍, സെക്രട്ടറി എ.ജി. ഗോപി. ട്രഷറര്‍ കെ. രഘുനന്ദനന്‍, വൈസ് പ്രസിഡന്റ് എം .മധു, ഓഡിറ്റര്‍ അഡ്വ. കെ. സുജേഷ് എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.