കാലവര്‍ഷദുരിതാശ്വാസത്തിനായി അപേക്ഷാപ്രവാഹം : മുഴുവന്‍ അപേക്ഷകളിലും നടപടിയെടുക്കാനാകാതെ വില്ലേജ് ഓഫീസര്‍മാര്‍ വിഷമത്തില്‍

287

ഇരിങ്ങാലക്കുട.കാലവര്‍ഷദുരിതത്തില്‍ ആശ്വാസം തേടി വില്ലേജ് ഓഫീസുകളില്‍ അപേക്ഷകരുടെ തിരക്ക്.എന്നാല്‍ സര്‍ക്കാര്‍ നിബന്ധനമൂലം മുഴുവന്‍ അപേക്ഷകളിലും നടപടിയെടുക്കാനാകാതെ വില്ലേജ് ഓഫീസര്‍മാര്‍ വിഷമത്തിലായി.കാലവര്‍ഷത്താല്‍ ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബത്തിന് ആയിരം രൂപ ധനസഹായം നല്‍കാനാണ് ജില്ലാഭരണകൂടത്തിന്റെ നിലവിലെ തീരുമാനം.ഇത്തരക്കാരുടെ ലിസ്റ്റ് ജില്ലാകളക്ടര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും കൈമാറിയിട്ടുണ്ട്.എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാതെ വെള്ളപ്പൊക്കത്താല്‍ വീടുവിട്ട് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവരിലേറെയും.ഇത്തരക്കാരുടെ അപേക്ഷയില്‍ നടപടിയെടുക്കാന്‍ നിലവില്‍ നിര്‍ദ്ദേശമൊന്നുമില്ലെന്ന് വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നു.എന്നാല്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറാണെന്നും വില്ലേജ് ഓഫീസര്‍മാര്‍ പറഞ്ഞു.കാലവര്‍ഷത്താല്‍ ദുരിതത്തിലായ മുഴുവന്‍ കുടുംബങ്ങളും ക്യാമ്പിലെത്തിയിരുന്നില്ല. ഇത്തരക്കാര്‍ താമസംമാറിയിരുന്നെന്നത് ശരിയാണ്. തൊഴിലുപകരണങ്ങളും ജീവിതമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട നിരവധിപേര്‍ ഇക്കൂട്ടത്തിലുണ്ടെന്നത് ശരിയാണെന്നും വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.കാറളം വില്ലേജ് ഓഫീസില്‍ ഇത്തരത്തില്‍ സഹായത്തിനായി മുന്നൂറിലധികം അപേക്ഷകളും മനവലശ്ശേരി വില്ലേജില്‍ അറുപത് അപേക്ഷകളും ലഭിച്ചിട്ടുണ്ട്.ഈ വില്ലേജുകളിലെ നാലു ദുരിതാശ്വാസക്യാമ്പുകളില്‍ 64 കുടുംബങ്ങളില്‍ നിന്നുമായി 203 അംഗങ്ങള്‍ താമസിച്ചിരുന്നു.ഇവര്‍ക്കുപുറമേ സര്‍ക്കാര്‍ ക്യാമ്പിലേക്കല്ലാതെ വെള്ളപ്പൊക്കത്താല്‍ താമസം മാറിയവര്‍ക്കും തൊഴിലുപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടവര്‍ക്കും സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.സഹായത്തിനായി തിരിച്ചറിയല്‍ രേഖകളും റേഷന്‍കാര്‍ഡും ബാങ്ക് പാസ്ബുക്കും ഉള്‍പ്പടെ രേഖകളുടെ പകര്‍പ്പും അപേക്ഷകര്‍ ഹാജരാക്കുന്നുണ്ട്. പൊറത്തിശ്ശേരി,മാടായിക്കോണം വില്ലേജുകളിലും സമാനരീതിയില്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്.4 ദുരിതാശ്വാസക്യാമ്പുകളിലായി 83 കുടുംബങ്ങളാണ് മേഖലയിലുണ്ടായിരുന്നത്.48 കുടുംബങ്ങളില്‍ നിന്നായി 102 പേര്‍ ക്യാമ്പിലുണ്ടായിരുന്ന എടതിരിഞ്ഞി വില്ലേജിലും സ്ഥിതി വ്യത്യസ്ഥമല്ല.കാട്ടൂര്‍ മേഖലയില്‍ 51 കുടുംബങ്ങളാണ് രണ്ട് ദുരിതാശ്വാസക്യാമ്പുകളിലായി താമസിച്ചിരുന്നത്.വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകള്‍ പലതും വെള്ളം മാറിയപ്പോള്‍ താമസയോഗ്യമല്ലാതായതായി അപേക്ഷകര്‍ പരാതിപ്പെടുന്നു.അപകടഭീഷണിയിലാണ് വീടുകളില്‍ പലതും.തൊഴിലുപകരണങ്ങള്‍ പലതും നഷ്ടമായതായും കന്നുകാലികള്‍ ചത്തൊടുങ്ങിയതായും അപേക്ഷകളില്‍ പറയുന്നു.വസ്ത്രങ്ങളും പാത്രങ്ങളും വെള്ളത്താല്‍ നഷ്ടപ്പെട്ടെന്നും വീടുകളിലെ നിത്യോപയോഗസാമഗ്രികള്‍ നാശമായതായും ജീവിതമാര്‍ഗ്ഗമില്ലെന്നും സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നുമാണ് അപേക്ഷകരുടെ ആവശ്യം.ദുരിതാശ്വാസക്യാമ്പില്‍ താമസിച്ചകുടുംബങ്ങളെന്ന നിബന്ധന ഒഴിവാക്കി വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ധനസഹായവും സൗജന്യറേഷനും അനുവദിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക് കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. വസ്ത്രങ്ങളും പാത്രങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സഹായം മേഖലയിലെ ദുരിതബാധിതര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കെ.ആര്‍.ഡി.എസ്.എ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

 

Advertisement