കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തിചികിത്സാ പുനരാംരഭിക്കണമെന്നാവശ്യവുമായി വിവിധ സംഘടകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ശക്തമാകുന്നു.

549

കാട്ടൂര്‍ : ശാപമോക്ഷം കാത്ത് കിടക്കുന്ന കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തിചികിത്സാ പുനരാംരഭിക്കണമെന്നാവശ്യവുമായി വിവിധ സംഘടകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ശക്തമാകുന്നു.ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കാതെ ഉല്‍ഘാടന മാമങ്കം നടത്തിയതില്‍ പ്രതിഷേധിച്ചാണ് സമരങ്ങള്‍ നടത്തിയത്.വിവിധ സംഘടനകള്‍പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കരിദിനം ആചരിച്ചു.വായ്കറുത്ത തുണികൊണ്ട് മൂടി കെട്ടി പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി.വര്‍ഗീസ് പുത്തനങ്ങാടി, എ.എസ്.ഹൈദ്രോസ്, കിരണ്‍ ഒറ്റാലി, ഷെമീര്‍ പടവലപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ആശുപത്രിസംരക്ഷണ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ പ്രതികാത്മക കിടത്തി ചികില്‍സ നടത്തി പ്രതിഷേധിച്ചു.ജോമോന്‍ വലിയ വീട്ടില്‍, പ്രദീപ് കാട്ടിക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബി ജെ പിയുടെ നേത്യത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി.ടി.എസ്.സുനില്‍കുമാര്‍, സുരേഷ് കുഞ്ഞന്‍, സുനില്‍ കുമാര്‍ തളിയപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാട്ടൂരിന്റെയും പരിസരപ്രദേശത്തെ ആറു പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കും രോഗികള്‍ക്കും ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ ആശുപത്രി.32 കിടക്കകളുള്ള ഈ ആശുപത്രിയില്‍ സ്ഥിരമായി മൂന്നു ഡോക്ടര്‍മാരും ഒരു താല്‍ക്കാലിക ഡോക്ടറും ഒരു നേഴിസിംഗ് സൂപ്രണ്ടും രണ്ടു ഹെഡ് നേഴ്‌സുമാരും നാലു സ്റ്റാഫ് നേഴസുമാരും എട്ടു മറ്റു ജീവനക്കാരുമടക്കം ആകെ 20 ഓളം പേരാണു ഇവിടെ സേവനമനുഷ്ഠിക്കേണ്ടത്. ഡോക്ടര്‍മാര്‍ ഓ പി സമയമായ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ രോഗികളെ പരിശോധിക്കുന്നുള്ളു.ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്ന കിടത്തി ചികിത്സ ഡോക്ടര്‍മാരുടെ അഭാവം മൂലം നിര്‍ത്തലാക്കുകയായിരുന്നു.പിന്നീട് ഒറ്റയാള്‍ പോരാട്ടങ്ങളും സംഘടകളുടെ സമരങ്ങളെയും തുടര്‍ന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ ഒരു വര്‍ഷത്തേയ്ക്ക് നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഡോക്ടര്‍ മാറിപോവുകയും വീണ്ടും പഴയ അവസ്ഥയിലേയ്ക്ക് ആശുപത്രി എത്തുകയുമായിരുന്നു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയിലാണു ഈ ആശുപത്രി.കിടത്തി ചികിത്സ പുനരാംരഭിക്കുന്നത് സ്ഥിരമായ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാണെന്നും എന്നാല്‍ ഒഴിവ് നികത്തുന്നതിന് ഡോക്ടര്‍മാരുടെ അപേക്ഷ ലഭിയ്ക്കാത്തതാണ് പ്രശ്‌നമെന്നും അധികാരികള്‍ പറയുന്നു.കാട്ടൂര്‍ സ്വദേശികളായ ആലപ്പാട്ട് തോമസ്, പാനികുളം കുഞ്ഞിപ്പാലു എന്നിവര്‍ സൗജന്യമായി നല്‍കിയ രണ്ടേക്കറോളം വരുന്ന സ്ഥലത്താണു ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സ്ഥലസൗകര്യം വേണ്ടുവോളമുണ്ടെങ്കിലും താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതാണു ഇവിടേക്ക് ഡോക്ടര്‍മാര്‍ എത്താത്തതിനു കാരണമെന്നു പറയുന്നു. 1921 ഒക്ടോബര്‍ 21 ന് അന്നത്തെ കൊച്ചി രാജ്യത്തെ പ്രതിനിധി ഡോ. ജി.എന്‍. കോംബീസ് ആണ് ഈ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടത്. 1957 ല്‍ നിര്‍മിച്ച മോര്‍ച്ചറി ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടത് ഉപയോഗശൂന്യമായ മരുന്നുകുപ്പികളും മറ്റു പാഴ്വസ്തുക്കളും നിക്ഷേപിക്കുന്നതിനുള്ള ഇടമായി മാറിയിരിക്കുന്നു.

Advertisement