കച്ചേരി വളപ്പിലെ മജിസ്‌ട്രേറ്റ് കോടതി പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റണമെന്ന് കൂടല്‍മാണിക്യം ദേവസ്വം.

1071

ഇരിങ്ങാലക്കുട : കച്ചേരിപ്പറമ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന് സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ട് എട്ടു വര്‍ഷമായിട്ടും ഇവിടെ ഉണ്ടായിരുന്ന കോടതികള്‍ ബഹുഭൂരിപക്ഷവും സിവില്‍സ്റ്റേഷനിലേക്ക് മാറ്റിയിട്ടും മജിസ്‌ട്രേറ്റ് കോടതി മാത്രം കച്ചേരിവളപ്പില്‍ തുടരുകയാണ്.ഒഴിഞ്ഞുകിടക്കുന്ന പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മജിസ്‌ട്രേറ്റ് കോടതി ഉടന്‍ മാറ്റണമെന്ന് കൂടല്‍മാണിക്യം ദേവസ്വം ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതി നിലനില്‍ക്കുന്നതിനാല്‍ കച്ചേരിവളപ്പിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലയെന്നും.ബഹുനിലക്കെട്ടിടം പണിത് ദേവസ്വത്തിന്റ വരുമാനം പലമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സമഗ്രമായ പദ്ധതികള്‍ ദേവസ്വത്തിന് ഉള്ളതാണെന്നും ദേവസ്വം പത്രകുറിപ്പിലൂടെ അറിയിച്ചു.മിനി സിവില്‍ സ്റ്റേഷന്‍ പണിത് റവന്യൂ ഓഫീസുകള്‍ അങ്ങോട്ടു മാറ്റിസ്ഥാപിച്ചതോടെ പഴയ താലൂക് ഓഫീസ് സമുച്ചയം ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കയാണ്.കോടതികള്‍ എല്ലാം സ്ഥാപിക്കാവുന്ന ജുഡീഷ്യല്‍ കോംപ്ലക്‌സ് സ്ഥാപിതമാകും വരെ ഒന്നാം ക്ലാസ് മജിസ്റ്റേറ്റ് കോടതി പഴയ താലൂക്ക് ഓഫീസ് സമുച്ചയത്തിലേക്ക് മാറ്റിയാല്‍ ഇരിങ്ങാലക്കുടക്ക് മൊത്തത്തിലും ദേവസ്വത്തിനും അഭിഭാഷകര്‍ക്കും പ്രത്യേകിച്ചും ഗുണകരമാകുമെന്ന് ദേവസ്വം കമ്മിറ്റി വിലയിരുത്തി.ഇപ്രകാരം സത്വരനടപടികളിലൂടെ കച്ചേരി വളപ്പ് ദേവസ്വത്തിന് ഒഴിഞ്ഞു ലദിക്കും വിധം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളോടും ഹൈക്കോടതിയോടും ആവശ്യപ്പെടുവാന്‍ ദേവസ്വം കമ്മിറ്റി തീരുമാനിച്ചു കഴിഞ്ഞതായും അറിയിച്ചു.

 

Advertisement