കമ്യൂണിസ്റ്റ് വിരോധം മൂലം കരുവന്നൂര്‍ കെ എസ് ഇ ബി ജീവനക്കാര്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപണം

1223

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി. ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ വ്യാജ പരാതി നല്‍കി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.ബാബുവിനെയും പാര്‍ട്ടി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനെയും കള്ളക്കേസില്‍ കുടുക്കിയിരുന്നു എന്നാരോപണം.കുഴികാട്ടുകോണം പ്രദേശത്ത് അകാരണമായി പല സമയത്തും വൈദ്യുതി ഇല്ലാതിരിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഒന്നിലധികം തവണ കെ.എസ്.ഇ.ബി ലൈന്‍മാന്‍ മാരോട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായം സൃഷ്ടിക്കുന്നതിനാണ് ബോധപൂര്‍വ്വമുള്ള ഇത്തരം നടപടിയെന്നും ആര്‍.എസ്.എസ് അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി. ലൈന്‍മാന്‍മാരായ വേണുഗോപാല്‍ പടിയൂര്‍, സജയ് ചെവ്വൂര്‍ എന്നിവര്‍ കുഴികാട്ടുകോണം പ്രദേശത്ത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇടപെടുകയാണ് ചെയ്തതെന്നും കടുത്ത കമ്യൂണിസ്റ്റ് വിരോധം കൈമുതലാക്കിയ ഇവര്‍ പരസ്യമായി സി.പി.ഐ.എം ന്റെ പതാകകള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ നിന്ന് ഒടിച്ചെടുത്ത് നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് കണ്ടു നിന്ന നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഈ നടപടി ശരിയല്ലെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായ ജീവനക്കാര്‍ വീണ്ടും ഇതേ നടപടി തുടരുകയും അകാരണമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. രാഷ്ട്രീയ പകപോക്കലിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും ഭാഗമായാണ് ഇവര്‍ക്കെതിരെ കള്ളക്കേസ് നല്‍കിയതെന്ന് സി പി എം പൊറുത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പത്രപ്രസ്താവനയിലൂടെ അറിയിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ കെ.എസ്.ഇ.ബി. ആഫീസിലേക്ക് കഴിഞ്ഞ ദിവസം രാത്രി സി പി എം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കോടതി റിമാന്റ് ചെയ്ത ഇരുവരെയും വെള്ളിയാഴ്ച ഉച്ചയോടെ ജയില്‍ മോചിതരായി. തുടര്‍ന്ന് കുഴികാട്ടുകോണം സെന്ററില്‍ വന്‍ ജനാവലിയോടെ കെ.കെ.ബാബുവിനും രാധാകൃഷ്ണനും സ്വീകരണം നല്‍കി. ഏരിയ കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ലോക്കല്‍ കമ്മിറ്റി അംഗം സി.സി.ഷിബിന്‍, ബ്രാഞ്ച് സെക്രട്ടറി കെ.കെ.പ്രകാശന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Advertisement