ജീവനിയുടെ സൗജന്യ കര്‍ക്കടക ഔഷധ കഞ്ഞിക്കുട്ട് വിതരണം ചെയ്തു

466
Advertisement

ആറാട്ടുപുഴ: ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള ജീവനിയുടെ പ്രയാണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തൈക്കാട്ട് മൂസ്വക എസ് എന്‍ എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 8 മുതല്‍ 11മണി വരെ ജീവനിയുടെ ഓഫീസില്‍ വെച്ച് കര്‍ക്കടക ഔഷധ കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്തു. ജീവനിയുടെ സെക്രട്ടറി എ. പത്മനാഭന്‍ തൈക്കാട്ടുശ്ശേരി സ്വദേശി രാധമ്മക്ക് ഔഷധ കഞ്ഞിക്കുട്ട് നല്‍കി കൊണ്ടാണ് വിതരണത്തിന് തുടക്കം കുറിച്ചത്. മാനേജിങ്ങ് ട്രസ്റ്റി എം. രാജേന്ദ്രന്‍ ഔഷധ കഞ്ഞിക്കൂട്ടിന്റെ പ്രാധാന്യം വിശദമാക്കി. വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരന്‍, ജോ. സെക്രട്ടറി സുനില്‍ പി. മേനോന്‍, ട്രഷറര്‍ എം. സോമസുന്ദരന്‍ എന്നിവരടങ്ങുന്ന ഭരണ സമിതി കഞ്ഞിക്കൂട്ട് വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുത്തു. മുന്‍കൂട്ടി പേരുകള്‍ റജിസ്റ്റര്‍ ചെയ്ത തൃശ്ശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 500 കുടുംബങ്ങള്‍ക്കാണ് രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധ സമ്പന്നമായ ഈ കര്‍ക്കടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തത്.

നവരയരി, ചെറുപുന്നയരി, കൊത്തമ്പാലയരി, കുടകപ്പാലരി, വിഴാലരി, കാര്‍കോകിലരി, ഏലത്തരി , ജീരകം, മല്ലി, പെരുംജീരകം, ഉലുവ, ആശാളി, തിപ്പലി, കാട്ടുതിപ്പലിവേര്, ചുക്ക്, കുറുവേലി, അയമോദകം, ഇന്തുപ്പ് , ചെറൂള, ദേവദാരം എന്നിവയുടെ കൂട്ടാണ് കര്‍ക്കടക ഔഷധക്കഞ്ഞി. ഈ ഔഷധക്കഞ്ഞി കര്‍ക്കടകം ഒന്നു മുതല്‍ 7വരെ ഉപയോഗിച്ചാല്‍ ശരീരക്ഷീണം, വിശപ്പില്ലായ്മ, വാതസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവ അകറ്റി ശരീരത്തിന് ബലവും ഉന്മേഷവും പ്രദാനം ചെയ്യും.

 

Advertisement