കൂടല്‍മാണിക്യം ഉത്സവം; ഒരുക്കങ്ങള്‍ നേരത്തെയാക്കാനൊരുങ്ങി ദേവസ്വം

550

ഇരിങ്ങാലക്കുട: അടുത്തവര്‍ഷം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് കൂടല്‍മാണിക്യം ഉത്സവം എത്തുന്നുവെന്ന വാര്‍ത്ത ഉത്സവപ്രേമികളില്‍ ആകാംക്ഷയും ആശങ്കയും സൃഷ്ടിക്കുമ്പോള്‍ ഒരുക്കങ്ങള്‍ നേരത്തെയാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം. ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കഴിഞ്ഞ ദിവസം അടുത്തവര്‍ഷത്തെ ഉത്സവം നേരത്തെയാണെന്ന് അറിയിച്ചത്. 2019 ഏപ്രില്‍ 17നാണ് (മേടം മൂന്നിന്) ഉത്സവം കൊടിയേറി പത്ത് ദിവസത്തെ ഉത്സവം 27ന് ആറാട്ടോടെ ഉത്സവം സമാപിക്കുമെന്നാണ് തന്ത്രി പ്രതിനിധി അറിയിച്ചത്. ചരിത്രത്തില്‍ ആദ്യമായി നേരത്തെയെത്തുന്ന ഉത്സവത്തിന് ഒരുക്കങ്ങള്‍ ഇക്കുറി നേരത്തെ തുടങ്ങണമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. മാത്രമല്ല, എല്ലാ സ്ഥലത്തും ഉത്സവങ്ങള്‍ നടക്കുന്നതിനിടയില്‍ കൂടല്‍മാണിക്യം ഉത്സവം എത്തുന്നതിനാല്‍ മുന്‍വര്‍ഷത്തേക്കാള്‍ ചിലവേറുമെന്നാണ് കരുതുന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഉത്സവത്തിന്റെ ആനകളടക്കമുള്ളവയ്‌ക്കെല്ലാം ചെലവേറുമെന്നാണ് കരുതുന്നത്. രാത്രിയിലെ പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും രണ്ട് ഉള്ളാനകളടക്കം 17 ആനകളാണ് കൂടല്‍മാണിക്യം ഉത്സവത്തിന് അണിനിരക്കുക. അതോടൊപ്പം കുറച്ച് ആനകളെ കൂടുതലായി കൊണ്ടുവരാറുണ്ട്. ഇതിന്‍ പ്രകാരം 25ഓളം ആനകളാണ് ഉത്സവത്തിന് വേണ്ടിവരും. ഏപ്രിലില്‍ കൂടല്‍മാണിക്യം ഉത്സവം കടന്നുവരുമ്പോള്‍ പ്രധാനമായും മികച്ച ആനകളേയും മേളക്കാരേയും കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. മാത്രമല്ല, ഉത്സവ പരിപാടികള്‍ തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ടവര്‍ അവരുടെ ആശങ്കകള്‍ ദേവസ്വവുമായി പങ്കുവെച്ചതായി ചെയര്‍മാന്‍ പറഞ്ഞു. സാധാരണ എല്ലാ ഉത്സവങ്ങളും കഴിഞ്ഞാണ് കൂടല്‍മാണിക്യത്തിലെ ഉത്സവം നടക്കാറ്. ഇതുമൂലം ആനകള്‍ക്കോ, മേളക്കാര്‍ക്കോ, കലാപരിപാടികള്‍ക്കോ യാതൊരുവിധ വെല്ലുവിളികളും ഇതുവരേയും കൂടല്‍മാണിക്യത്തിന് നേരിടേണ്ടിവന്നീട്ടില്ല. കേരളത്തിലെ പ്രധാനപ്പെട്ട ആനകളെല്ലാം പത്തുദിവസത്തെ ഉത്സവത്തിനെത്താറുണ്ട്. കുറഞ്ഞ ഏക്കകാശിനാണ് ആനകള്‍ ഉത്സവത്തിനെത്തിയിരുന്നത്. എന്നാല്‍ തിരക്കേറിയ സീസണില്‍ ഉത്സവം എത്തുമ്പോള്‍ ഏക്കക്കാശ് കൂടും. മേളക്കാര്‍ക്കും തിരക്കായിരിക്കും. അതുകൊണ്ടുതന്നെ അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങണം. മുന്‍ വര്‍ഷങ്ങളില്‍ ഉത്സവവുമായി സഹകരിച്ച ആനക്കാരും മേളക്കാരും മറ്റുമായി ചര്‍ച്ച നടത്തി അവരെയൊക്കെ പങ്കെടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേസമയം ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള എക്‌സിബിഷന്‍ വിപുലമാക്കി കൂടുതല്‍ ദിവസം നടത്താന്‍ അടുത്ത ഉത്സവത്തിന് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Advertisement