ടി. എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് നാടന്‍പാട്ട് -ഓണക്കളി കലാക്കാരന്‍ തേശ്ശേരി നാരായണന്

535

സ്വാതന്ത്രസമരസേനാനിയും സി പി ഐ നേതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി എന്‍ നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാക്കാരന്മക്കാര്‍ക്കു നല്‍കി വരാറുള്ള ടി എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡിനു ഈ വര്‍ഷം നാടന്‍പാട്ട് -ഓണക്കളി കലാക്കാരന്‍ തേശ്ശേരി നാരായണന്‍ അര്‍ഹനായി.ടി എന്‍ നമ്പൂതിരിയുടെ 40-ാം ചരമവാര്‍ഷികദിനമായ ജൂലായ് 18 ന് ഇരിങ്ങാലക്കുട എസ് .ആന്റ് .എസ് ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് തേശ്ശേരി നാരായണന് അവാര്‍ഡ് സമര്‍പ്പിക്കും  പന്ത്രണ്ടാം വയസ്സുമുതല്‍ ഓണക്കളി രംഗത്ത് പ്രവേശിച്ച തേശ്ശേരി നാരായണന്‍ ഈ രംഗത്ത് വിപുലമായ ശിഷ്യ സമ്പത്തിനും ഉടമയാണ് .എഴുപതില്‍ പരം സംഘങ്ങളിലായി 1500 ല്‍ പരം ശിഷ്യന്മാരുടെ ആശാനാണ് തേശ്ശേരി.ഓണക്കളിയാണ് മുഖ്യകര്‍മ്മരംഗമെങ്കിലും നാടന്‍പാട്ട് ,ശാസ്താംപാട്ട് ,ചിന്തുപാട്ട് ,പൊറാട്ട് നാടകം എന്നീ മേഖലകളിലും സജീവമാണ് .500 ല്‍ പരം നാടന്‍പാട്ടുകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം ഓണക്കളിക്കാരുടെ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റാണ് .ഓണക്കളിരംഗത്തെ മികച്ച പ്രകടനത്തിനായി നിരവധി പുരസ്‌ക്കാരങ്ങള്‍ തേശ്ശേരിക്ക് ലഭിക്കുകയുണ്ടായി .ദ്രാവിഡ സാംസ്‌ക്കാരിക സമിതി അവാര്‍ഡ് ,കണ്ണൂര്‍ ഫോക് ലോര്‍ അവാര്‍ഡ് ,സാംസ്‌ക്കാരിക വകുപ്പിന്റെ ഫോക് ലോര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
കൊടകരക്കടുത്തു തേശ്ശേരി ഗ്രാമത്തില്‍ പള്ളിയുടെയും കുറുമ്പക്കുട്ടിയുടെയും മകനായി ജനിച്ച ഈ അറുപത്തെട്ടുകാരന് പ്രൈമറി വിദ്യാഭ്യാസം മാത്രമെ ലഭിച്ചിട്ടുള്ളു.ഇപ്പോള്‍ ആളൂരില്‍ താമസിക്കുന്ന ഇദ്ദേഹം ചെറുപ്പം മുതല്‍ ഇടതുപക്ഷ അനുഭാവിയാണ്.ഇപ്പോള്‍ സി പി ഐ ആളൂര്‍ ബ്രാഞ്ച് അംഗമാണ് .ഭാര്യ കുറുമ്പക്കുട്ടി തൊഴിലുറപ്പ് തൊഴിലാളിയാണ് .ഏകമകന്‍ ഷൈജു കാറ്ററിംഗ് തൊഴിലാളിയും .

Advertisement