ഇരിങ്ങാലക്കുട ബൈപ്പാസ് കുപ്പികഴുത്തിലെ അനധികൃത നിര്‍മ്മാണം : ബില്‍ഡിംങ്ങ് പെര്‍മിറ്റ് റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനം

693

ഇരിങ്ങാലക്കുട ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്കിയുടെ കെട്ടിട നിര്‍മാണം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, അനതിക്യത നിര്‍മാണം തടയുന്നതിന് പോലീസ് സഹകരണം ലഭിക്കുന്നില്ലെന്ന് യു. ഡി. എഫ്, പോലീസ് സഹായത്തോടെ നിര്‍മാണം നിറുത്തിവപ്പിച്ചു. കെട്ടിട നിര്‍മാണത്തിന് നല്‍കിയ പെര്‍മിറ്റ് റദ്ദാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണ് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ വിഷയം ഉന്നയിച്ചത്. ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നിര്‍മാണം നിറുത്തി വപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ പി. വി. ശിവകുമാര്‍ നിര്‍മാണ തടയുന്നതിന് നഗരസഭാ ഉദ്യോഗസ്ഥര്‍ ആരും തന്നെ സ്ഥലത്തു ചെന്നിട്ടില്ലെന്നും ആരോപിച്ചു. നഗരസഭ ഉദ്യോഗസ്ഥകരുടെ ക്യത്യ നിര്‍വ്വഹണത്തിനു സഹായം ചെയ്യുക മാത്രമാണ് പോലീസിന് ചെയ്യാനുള്ളതെന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തു ചെല്ലാതെയാണ് പോലീസ് സഹായം ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ എല്‍. ഡി. എഫ്. അംഗം തെറ്റിദ്ധരിപ്പിക്കുകയാണന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥര്‍ കെട്ടി നിര്‍മാണം നടക്കുന്ന സ്ഥലത്ത് പോലീസിനെ കാത്ത് നില്‍ക്കുന്നുണ്ടെന്നും പോലീസ് സഹകരണം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സി. ഐ. യുമായി ബന്ധപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനാല്‍ ആവശ്യമായ പോലീസ് ഇല്ലെന്നാണ് മറുപടി നല്‍കിയതെന്ന് വി. സി. വര്‍ഗീസ് വിശദീകരിച്ചു. പോലീസ് സഹകരണം ആവശ്യപ്പെട്ട് ഡി. വൈ. എസ്. പി. യുമായി ചെയര്‍പേഴ്‌സണ്‍ സംസാരിച്ചിട്ടുണ്ടെന്നും വി. സി. വര്‍ഗീസ് പറഞ്ഞു. എന്നാല്‍ വിശദീകരണത്തില്‍ ത്യപ്തരാകാതിരുന്ന എല്‍. ഡി. എഫ്. അംഗങ്ങള്‍ പി. വി. ശിവകുമാറിന്റെ നേത്യത്വത്തില്‍ നടതുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വപ്പിച്ച ശേഷമെ തങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയുള്ളുവെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ നിലപാടെടുത്തു. ചെയര്‍പേഴ്‌സണു പിന്‍തുണയുമായെത്തിയ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു എന്നിവരും എല്‍. ഡി. എഫ് അംഗങ്ങളും തമ്മില്‍ ഏറെ നേരം വാക്കേറ്റം തുടര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് യു. ഡി. എഫിന് താല്‍പര്യമില്ലെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ആരോപിച്ചപ്പോള്‍ യു. ഡി. എഫ്. അംഗങ്ങള്‍ പോലീസിന്റെ നിസഹകരണമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ കഴിയാത്തതിന് കാരണമെന്ന് കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും നഗരസഭ ഉദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവപ്പിച്ചതായി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചതോടെയാണ് മുക്കാല്‍ മണിക്കൂറോളം നീണ്ട എല്‍. ഡി. എഫ്. അംഗങ്ങളുടെ പ്രതിഷേധത്തിനു ശേഷം ഇരിപ്പിടത്തിലേക്ക്് മടങ്ങിയത്. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് നടത്തിയ വിശദീകരണം തടസ്സപ്പെടുത്താന്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ ശ്രമിച്ചത് വീണ്ടും വാക്കേറ്റത്തിന് വഴിവച്ചു. ചെയര്‍പേഴ്‌സണാണ് വിശദികരണം നല്‍കേണ്ടതെന്ന എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്റെ വാദത്തെ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു അടക്കമുള്ളവര്‍ എതിര്‍ത്തു. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് കെട്ടിട നിര്‍മാണത്തിന് നഗരസഭ നല്‍കിയ പെര്‍മിറ്റ് റദ്ദാക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചത്.

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാം വാര്‍ഡിലെ നഗരസഭ കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച അജണ്ടയും എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കി. കെട്ടിടത്തിലെ ഒന്നാം നില പൊളിച്ചു മാറ്റണമെന്ന നഗരസഭ എഞ്ചിനിയറുടെ റിപ്പോര്‍ട്ടില്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ കോണ്‍ഗ്രസ്സ് ഓഫീസ് വന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇവിടെ കോണ്‍ഗ്രസ്സ് ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്നും സ്വാകാര്യ വ്യക്തിയുട പേരില്‍ എടുത്തിട്ടുള്ള മുറിയുടെ വാടക മൂന്നു വര്‍ഷമായി കുടിശ്ശിഖയാണന്നും എല്‍. ഡി. എഫ്. അംഗം അല്‍ഫോന്‍ തോമസ് പറഞ്ഞു. അവിടെ പ്രവര്‍ത്തിക്കുന്നവരെ താല്‍ക്കാലികമായി ജൂബിലി കെട്ടിടത്തിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തെയും അവര്‍ എതിര്‍ത്തു. എന്നാല്‍ കെട്ടിടം പൊളിച്ചു നീക്കേണ്ട അവസ്ഥയില്ലെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ പറഞ്ഞു. കെട്ടിടത്തില്‍ അറ്റകുറ്റപണി നടത്തി ബലപ്പെടുത്താവുന്നതാണന്ന് അവര്‍ നിര്‍ദ്ദേശിച്ചു. കെട്ടിടത്തിലെ വാടകക്കാരെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടുമായി എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിനടക്കമുള്ളവര്‍ രംഗത്തെത്തിയത് യു. ഡി. എഫ് അംഗങ്ങളുമായി വാക്കേറ്റത്തിന് വഴിവച്ചു. തുടര്‍ന്ന് കെട്ടിടം അറ്റകുറ്റപണി നടത്തുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വിളക്കുകള്‍ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തിപ്പിക്കണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ബൈപ്പാസ്സ് റോഡിലടക്കം സ്ഥാപിച്ച വിളക്കുകള്‍ കത്തിച്ചാല്‍ മാലിന്യം തള്ളുന്നതടക്കമുള്ള സാമൂഹ്യ വിരുദ്ധരുടെ നടപടികള്‍ തടയാനാവുമെന്ന് സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. ജവഹര്‍ കോളനിയിലെ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകള്‍ നഗരസഭ എറ്റെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഷണ്മുഖം കനാലിന്റെ വടക്കെ ബണ്ടില്‍ താമസിക്കുന്ന ദേവയാനിയുടെ വീടിന്റെ ചുമരിന് കനത്ത മഴയില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ അവരെ മാറ്റി പാര്‍പ്പിക്കേണ്ട വിഷയം ചര്‍ച്ചക്കു വന്നപ്പോഴായിരുന്നു അംഗങ്ങള്‍ ജവഹര്‍ കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകള്‍ ഏറ്റൈടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ വി. സി. വര്‍ഗീസ്, എം ആര്‍. ഷാജു, സുജ സജ്ജീവ്കുമാര്‍, പി. വി. ശിവകുമാര്‍, വത്സല ശശി, സി. സി. ഷിബിന്‍, സന്തോഷ് ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement