കാറളം അംഗനവാടിയിലെ താല്‍ക്കാലിക ഹെല്‍പ്പര്‍ നിയമനത്തില്‍ അട്ടിമറി : സി ഡി പി എസ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും

725

മാപ്രാണം : കാറളം പഞ്ചായത്തിലെ വെള്ളാനിയിലുള്ള 65-ാം നമ്പര്‍ അംഗനവാടിയിലെ താല്‍ക്കാലിക ഹെല്‍പ്പര്‍ നിയമനത്തില്‍ അട്ടിമറി നടത്തിയെന്നാരോപിച്ച് സി പി ഐ കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രണത്തുള്ള ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മോണിറ്ററിംങ്ങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ശിശുവികസന പദ്ധതി ഓഫീസര്‍ പ്രദേശത്തെ ഒരു വനിതയ്ക്ക് നിയമനം നല്‍കുകയും ഒരു ദിവസം ജോലിയ്ക്ക് ഹാജരാവുകയും ചെയ്തതാണെന്നും എന്നാല്‍ രണ്ടാമത്തെ ദിവസം പ്രദേശത്തെ മറ്റൊരു വിഭാഗം നാട്ടുക്കാര്‍ നിയമനം ലഭിച്ച സ്ത്രിയെ ജോലിയ്ക്ക് കയറ്റാതെ തടയുകയും ഉന്നത അധികാരികളുടെ ഇടപെടലില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം സംഘടിപ്പിച്ചത്.സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുധീഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ്,റഷീദാ കാറളം,അംബിക സുഭാഷ്,പ്രമീള ദാസ്,എ എന്‍ രാജീവ്,ബിജു കാറളം,എം യു സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement