കൂടല്‍മാണിക്യം ഉത്സവ മാലിന്യങ്ങളെ അടിയന്തിരമായി നീക്കം ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം

772

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ക്ഷേത്രമാലിന്യങ്ങള്‍ ക്ഷേത്രപരിസരത്തു നിന്നു നീക്കം ചെയ്യാത്തതില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭ 25,26 ലെ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ പരാതി നല്‍കി.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നഗര സഭ ഉദ്യോഗസ്ഥര്‍ ക്ഷേത്ര പരിസരം സന്ദര്‍ശിക്കുകയും മാലിന്യങ്ങള്‍ അടിയ്ന്തിരമായി നീക്കം ചെയ്യാന്‍ കൂടല്‍മാണിക്യം ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.മെയ് 7-ാം തിയ്യതിയാണ് ക്ഷേത്രോത്സവം അവസാനിച്ചത്.ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ടണ്‍ കണക്കിന് ആന പിണ്ടവും ,ആന തീറ്റയുടെ അവശിഷ്ടങ്ങളും ഇപ്പോഴും ക്ഷേത്ര പരിസരത്ത് കുന്നു കൂടി കിടക്കുകയാണ് .ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ തീര്‍ത്ഥ കുളത്തിന്റെ കിഴക്കുഭാഗത്തായി ഉദ്ദേശം 25 മീറ്റര്‍ നീളത്തിലും തെക്കെ നടയില്‍ തെക്കെ കുളത്തിന്റെ കിഴക്കുഭാഗത്തും മാലിന്യം കുന്നു കൂടി കിടക്കുകയാണ് .കാലപ്പഴക്കം ഇതില്‍ കൂണുകളും പൂപ്പലുകളും നിറഞ്ഞു കഴിഞ്ഞു.മഴയത്ത് ഈ മാലിന്യം നനഞ്ഞു കുതിര്‍ന്ന് തീര്‍ത്ഥ കുളത്തിലേക്ക് ഒലിച്ചിറങ്ങുകയാണ് .ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നത് ഈ തീര്‍ത്ഥകുളത്തിലെ ജലമാണ്.വര്‍ഷക്കാലത്തെ ത്തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ദേവസ്വത്തിന്റെ ഈ നടപടി വലിയ ആരോഗ്യ പ്രശ്‌നമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ബി ജെ പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബനും ,അമ്പിളി ജയനും പ്രസ്താവനയില്‍ പറഞ്ഞു.അടിയന്തിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു

 

Advertisement