ഇരിങ്ങാലക്കുടയിലെ അക്രമങ്ങള്‍: സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആരോപിച്ചു

1257

ഇരിങ്ങാലക്കുട : നഗരത്തെ നടുക്കിയ കനാല്‍ബേസ് സ്വദേശി വിജയന്റെ കൊലപാതക കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണെന്നത് കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാറളം പഞ്ചായത്തിലെ പുല്ലത്തറയില്‍ ഏതാനും മാസങ്ങള്‍ക്കു് മുന്‍പ് ബോംബ് ശേഖരം പിടികൂടിയ കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതും കണ്ണൂരില്‍ നിന്നാണെന്നും് ഈ കേസിലെ പ്രതികള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്നും ബോംബ് കേസിലെ പ്രധാന പ്രതിയാണ് ഇപ്പോള്‍ വിജയന്‍ കൊലപാതകത്തിലെ ഒന്നാം പ്രതിയെന്നതും ഗൗരവതരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ കേസിലെ ഒരു പ്രതി തൃശ്ശൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ടിരുന്നതായും . ഈ കേസിലും സിപിഎമ്മിന്റെ സംരക്ഷണത്തിലായിരുന്നു പ്രതികള്‍. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം അക്രമസംഭവങ്ങളില്‍ ഇരിങ്ങാലക്കുടയിലെ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ഭരണത്തിന്റെ തണലില്‍ സമനില തെറ്റിയ സിപിഎം ഇരിങ്ങാലക്കുട എംഎല്‍എയെ ഉപയോഗിച്ച് സിപിഎം ക്രിമിനലുകള്‍ക്കെതിരെയുള്ള പോലീസ് നടപടി മരവിപ്പിച്ച് തെളിയിക്കപ്പെടാത്ത കേസുകളുടെ കണക്കില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയില്‍ നടന്ന കൊലപാതകത്തിലും അക്രമസംഭവങ്ങളിലും കണ്ണൂരിലെ സിപിഎം ഗുണ്ടകളുടെ സഹായത്തോടെയാണെന്നും പോലീസ് ഇത് ഗൗരവമായി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടിഎസ്സ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണു മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

Advertisement