പ്രാവാസജീവിതത്തില്‍ നിന്നും കൃഷിയിലേയ്ക്ക് തിരിഞ്ഞ കര്‍ഷകന് വിതച്ച നെല്ല് കൊയ്യാനാകത്ത അവസ്ഥയില്‍

599

മാപ്രാണം: 20 വര്‍ഷത്തോളമായി തരിശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കി ചെയ്ത നെല്‍കൃഷി മഴ പെയ്തതോടെ കൊയ്തെടുക്കാന്‍ കഴിയാതെ കര്‍ഷകന്‍. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മരോട്ടിക്കല്‍ സൗബിനാണ് കൃഷി ചെയ്ത 13 ഏക്കറോളം പാടശേഖരത്തില്‍ നിന്നും വിളവെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നത്. മുരിയാട് കായല്‍ മേഖലയില്‍പ്പെട്ട കോക്കറചാല്‍ പാടശേഖരസമിതിയുടെ കീഴിലുള്ള പാടശേഖരത്തിലാണ് സൗബിന്‍ കൃഷിയിറക്കിയത്. 12 വര്‍ഷത്തോളം വിദേശത്തായിരുന്നു സൗബിന്‍. കൃഷിയോടുള്ള താല്‍പര്യമാണ് വിദേശത്തുനിന്നും തിരിച്ചെത്തിയ സൗബിനെ കൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. തരിശായി കിടന്നിരുന്ന പാടശേഖരം മൂന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കൃഷിയോഗ്യമാക്കി മട്ട ത്രിവേണി വിതച്ചത്. സമീപം കൃഷി ചെയ്തവര്‍ കുറച്ച് ദിവസം മുമ്പെ നെല്ല് കൊയ്തെടുങ്കിലും മൂപ്പെത്താത്തതിനാല്‍ സൗബിന് നെല്ല് കൊയ്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ കഴിഞ്ഞാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്‍കതിരുകളെല്ലാം ഒടിഞ്ഞുവീണു. തുടര്‍ന്ന് കൊയ്ത്ത് യന്ത്രം വരുത്തി കൊയ്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പാടത്തേയ്ക്കിറക്കിയപ്പോള്‍ മെഷിയന്‍ താഴ്ന്നതോടെ അവര്‍ പിന്‍മാറി. രണ്ടുദിവസമായി തുടരുന്ന മഴ പ്രതിക്ഷകള്‍ മുഴുവന്‍ തെറ്റിച്ചു. മോട്ടോര്‍ ഉപയോഗിച്ച് പാടത്തുനിന്നും വെള്ളം അടിച്ചുകളയുന്നുണ്ടെങ്കിലും ഇനി മെഷിയനിറക്കാന്‍ കഴിയില്ലെന്ന് സൗബിന്‍ പറഞ്ഞു. സംഭവം പൊറത്തിശ്ശേരി കൃഷി ഭവനിലും ബ്ലോക്കിലും അറിയിച്ചെങ്കിലും എങ്ങനെയെങ്കിലും കൊയ്തെടുക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കൊയ്ത്തുയന്ത്രം ഇറങ്ങാത്ത പാടത്ത് കൂലിക്ക് ആളുകളെ വെച്ച് കൊയ്തെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയിലാണ് സുബിന്‍.

Advertisement