ജനങ്ങളെ ദുരിതത്തിലാഴ്ത്തി റോഡ് പൊളിച്ചിട്ട് മാസങ്ങളാകുന്നു.പ്രക്ഷോഭത്തിനൊരുങ്ങി യുവജനതാദള്‍ (യു)

1634

കൊറ്റനെല്ലൂര്‍ : ചാലക്കുടി ദേശീയപാതയില്‍ നിന്ന് ആരംഭിച്ച് കൊമ്പിടി വഴി വെള്ളംങ്കല്ലൂരിലൂടെ കടന്ന് പോകുന്ന റോഡിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊറ്റനല്ലൂരിലെ രണ്ടിടത്ത് കലുങ്ക് നിര്‍മ്മാണത്തിനായി റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ചിട്ടിട്ട് രണ്ട് മാസത്തോളമാകുന്നു. പ്രദേശവാസികള്‍ക്ക് മനപൂര്‍വ്വം ദുരിതമുണ്ടാക്കുന്ന പ്രകോപനപരമായ പ്രവര്‍ത്തനമാണ് കരാറുകാരന്‍ നടത്തുന്നത്. ഇത്തരം നിര്‍മ്മാണങ്ങളില്‍ റോഡിന്റെ പകുതി ഭാഗം പൊളിച്ച് പ്രവൃത്തി ചെയ്യുകയും മറു ഭാഗം ഗതാഗതത്തിന് വിട്ട് കൊടുക്കുകയുമാണ് പതിവ് രീതി. കാനനിര്‍മ്മാണത്തിലെ ചില അപാകതകള്‍ ചൂണ്ടി കാണിച്ച നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ട് രാത്രിയില്‍ കരാറുകാരന്‍ റോഡ് പൂര്‍ണ്ണമായും പൊളിച്ച് ഗതാഗതം തടസപ്പെടുത്തി. ഈ റോഡിലേക്കുള്ള പഞ്ചായത്ത് വഴികളില്‍ വേണ്ടത്ര ദിശാബോര്‍ഡുകള്‍ സ്ത്ഥാപിക്കാത്തത് അപരിചിതരായ യാത്രക്കാര്‍ക്ക് അവിടം അപകട വേദിയാകുന്നു. ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ മിനിമം ചാര്‍ജ്ജില്‍ ഇരട്ടി ദൂരം പോകേണ്ട അവസ്ത്ഥ. കരാറുകാരന്റെ കാടത്തത്തിന് കുടപിടിച്ച് കൊടുക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ത്ഥരെന്ന് യുവജനതാദള്‍ (യു) ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത്തരക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഉടന്‍ പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് ഓഫീസ് ഉപരോധിക്കാനും യോഗം തീരുമാനിച്ചു. യുവജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ് വി.ഐനിക്കല്‍, വര്‍ഗ്ഗീസ് തെക്കേക്കര, കാവ്യപ്രദീപ്, ജെറി ജെയിംസ്, ഷിപ്‌സണ്‍ തൊമ്മാന എന്നിവര്‍ സംസാരിച്ചു.

Advertisement