കൂടല്‍മാണിക്യം ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ ഗുഹന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ദന്‍.

2017
Advertisement

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ദനായ ഡോ. രാജീവ് ഗുഹന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസിസ്റ്റന്റ് പ്രഫസറുമാണ് ഡോ. രാജീവ്. കഥകളിയില്‍ ഭരത വേഷമണിഞ്ഞത് പിതാവ് കലാനിലയം രാഘവനും. കഥകളി ജീവിതംതന്നെയായ കുടുംബത്തില്‍നിന്നു വന്നതുകൊണ്ടാണ് താന്‍ കഥകളിക്കാരനായ ചികിത്സകനായി തുടരുന്നത് എന്ന സത്യം ഡോക്ടര്‍ സമ്മതിക്കും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ കഥകളിപ്പദം കേട്ടാണ് ബാല്യം പിച്ചവച്ചത്. അച്ഛന്‍ കലാനിലയം രാഘവന്‍ കൈപിടിച്ചാടിച്ച കളിയരങ്ങുകള്‍. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പലായി വിരമിച്ച അച്ഛന്‍ കഥകളി പാഠങ്ങള്‍ ഇപ്പോഴും മകന് പകരുന്നുണ്ട്. പ്രശസ്തനായ ഹരികഥാ കലാകാരിയായിരുന്നു ഡോക്ടറുടെ അമ്മ ആനിക്കാട് സരസ്വതിയമ്മ. നാലാം ക്ലാസിന്‍ പഠിക്കുമ്പോള്‍ പുറപ്പാട് കഥയിലെ കൃഷണന്റെ വേഷത്തോടെയായിരുന്നു കഥകളിയില്‍ അരങ്ങേറ്റം. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. കഥകളിയേക്കാളും മൃദംഗവായനയായിരുന്നു അക്കാലത്ത് ഹരം. തുടര്‍ച്ചയായി മൂന്നു വര്‍ഷം കഥകളി യില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാം സ്ഥാനം. കാലിക്കറ്റ് യൂണിവേഴി്സിറ്റി ഡിസോണിലും ഇന്റര്‍ സോണിലും കഥകളിയിലും മൃദംഗത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 1991 ല്‍ കാസര്‍കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വിന്ദുജ മേനോന്‍ കലാതിലകമായപ്പോള്‍ പിന്നണിയില്‍ പക്കമേളക്കാരനായി രാജീവുണ്ടായിരുന്നു. ഗുല്‍ബര്‍ഗ സര്‍വകലാശാലയില്‍ നടന്ന സാര്‍ക്ക് രാജ്യങ്ങളുടെ സര്‍വകലാശാല മീറ്റില്‍ മൃദംഗത്തില്‍ ഡോക്ടര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യത്തിലെ ഉപകരണ സംഗീതജ്ഞരും മേളയില്‍ പങ്കെടുത്തു. കലയ്ക്കൊപ്പം പഠനവും ഗംഭീരമാക്കി മുന്നേറിയ രാജീവ് എംബിബിഎസിന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ രസതന്ത്ര അധ്യാപികയായ സഹോദരി കെ.ആര്‍. ജയന്തിയുടെ ഓട്ടം തുളലിനു മൃദംഗം വായിക്കുന്നതും ഈ ഡോക്ടറാണ്. മറ്റു സഹോദരങ്ങളായ ജയശ്രീയും വാസന്തിയും കലാകാരികള്‍ തന്നെ. സഹോദരീ ഭര്‍ത്താവ് കലാനിലയം ഗോപിയാണ് ഇപ്പോള്‍ കഥകളിയില്‍ ഗുരു. ആര്‍സിസിയിലെ തിരക്കുകള്‍ക്കിടയില്‍ അവസരമുണ്ടാക്കി മാസത്തിലൊരിക്കല്‍ ഇരിങ്ങാലക്കുടയില്‍ എത്തും. ഗുരുമുഖത്ത് വിരിയുന്ന കൂടുതല്‍ മനോധര്‍മങ്ങള്‍ പരിചയപ്പെടും. അടുത്ത ക്ഷേത്രമുറ്റത്ത് എടുത്തണിയേണ്ട വേഷങ്ങളിലെ സംശയങ്ങള്‍ ചോദിച്ച് ഉറപ്പുവരുത്തും. രാവിലെ എട്ടിന് തുടങ്ങി രാത്രി എട്ടരയ്ക്കും തീരാത്ത ഔദ്യോഗിക ജീവിതമാണ് ഡോ. രാജീവിന്റേത്. കൊരമ്പ് സുബ്രഹ്മണ്യന്‍ നമ്പൂതിരി, കൊടുവായൂര്‍ രാധാകൃഷ്ണന്‍ എന്നിവരില്‍നിന്നും മൃദംഗം അഭ്യസിച്ചു. തലസ്ഥാനത്തെ വിവിധ ആര്‍ട്സ് ക്ലബുകളില്‍ കഥകളി ആസ്വാദനക്കളരിയും ഡോക്ടര്‍ സംഘടിപ്പിക്കുന്നുണ്ട്. ഗള്‍ഫിലും മറ്റും കഥകളി ക്ലാസെടുക്കാനും പോയിട്ടുണ്ട്. മുമ്പ് മൃദംഗക്ലാസും എടുത്തിരുന്നു. ആശുപത്രിയില്‍ ജീവികോശങ്ങളുടെ താളം ക്രമീകരിക്കുന്ന തിരക്കായതിനാല്‍ ഇപ്പോള്‍ മൃദംഗക്ലാസിന് സമയം കിട്ടുന്നില്ലെന്ന് ഡോക്ടര്‍ പറയും. വൈദ്യവൃത്തിക്കൊപ്പം കൂടിയ ഈ കളിഭ്രാന്ത് ഭാര്യ ഡോ. ആരതിയും ആസ്വദിക്കുന്നുണ്ട്. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രഫസറായ ആരതി ജോലി തിരക്കുകള്‍ക്കിടയിലും ഭര്‍ത്താവിന്റെ കളിയരങ്ങിനു മുന്നില്‍ എത്താറുണ്ട്. അര്‍ബുദ ചികിത്സയുടെ തിരക്കുകള്‍ക്കിടയില്‍ എന്തുകൊണ്ട് കഥകളിയോട് ഇത്രക്കും സ്നേഹം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഡോക്ടര്‍ക്കുണ്ട്. കഥകളി എല്ലാം നല്‍കുന്നു. ചികിത്സാ മുറിയിലെ ഏകാഗ്രത, രോഗം വിലയിരുത്തുമ്പോഴുണ്ടാകേണ്ട കൃത്യത, രോഗിയെ കേള്‍ക്കുമ്പോഴുണ്ടാകേണ്ട ക്ഷമ, വ്യക്തിജീവിതത്തില്‍ പുലര്‍ത്തേണ്ട ധാര്‍മികതയും നിഷ്ഠയും…എല്ലാം കഥകളിയിലെ ജീവിതം, അതിന്റെ ശാസ്ത്രീയത, ഒരു കലാകാരന് സമ്മാനിക്കും. മറ്റു ഡോക്ടര്‍മാര്‍ക്ക് നീണ്ട ജോലിഭാരത്തിന്റെ ആയാസങ്ങള്‍ തീര്‍ക്കാന്‍ കുടുംബസമേതം ഉല്ലാസയാത്രയ്ക്ക് പോകേണ്ടിവരും. അതുമല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം ഒരു ഒത്തുചേരല്‍, പക്ഷേ, രാജീവിന് ഒരു കളിയരങ്ങ് മതി. എല്ലാ ആയാസങ്ങളും കഥകളിയരങ്ങില്‍ ഒരു വേഷം കെട്ടിയാടുമ്പോള്‍ തീരുന്നു. ഡോക്ടര്‍തന്നെ പറയുന്നതുപോലെ നീണ്ടയൊരു യാത്ര കഴിഞ്ഞുവന്ന ത്രില്ലില്‍, തീര്‍ത്തും പുതിയൊരു മനുഷ്യനായി ആര്‍സിസിയില്‍ പുതിയ രോഗികളെ കേള്‍ക്കാന്‍ ഇരുന്നു കൊടുക്കും.

Advertisement