കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.

1433
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 മണിയ്ക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ്‌ ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍ പ ള്ളിക്കുറുപ്പില്‍ നിന്നും മംഗളവാദ്യത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം പുതിയ പട്ടുടയാടയണിയിച്ച് തിരുവാഭരണവും ചന്ദനവും ചാര്‍ത്തി. തുടര്‍ന്ന് ഭഗവാന്‍ കിടന്ന പട്ടുമെത്തയ്ക്ക് ചുറ്റും അലങ്കരിച്ചിരിക്കുന്ന മുളംപാലികകളുടെ ശക്തിയെക്കൂടി ഭഗവാനിലേയ്ക്ക് ചാര്‍ത്തി എതൃത്ത്പൂജ നടത്തി.
പിന്നീട് തിടമ്പിലേയ്ക്കാവാഹിച്ച് മഞ്ഞള്‍പൊടി ചാര്‍ത്തി ആറാട്ടുബലി നടത്തി. അതിനുശേഷം പാണികൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന്‍ തന്റെ എല്ലാ പരിവാരങ്ങളോടും കൂടി ഒരു പ്രദക്ഷിണംകൊണ്ട് ശ്രീഭൂതബലി നടത്തി വലിയ പാണികൊട്ടി ആനപ്പുറത്തുകയറി മേളത്തോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍ക്കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളി. പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന് കിഴക്കെ നടയില്‍ പോലീസ് റോയല്‍ സല്യൂട്ട് നല്‍കി. കിഴക്കേ ഗോപുരത്തിന് സമീപമുള്ള ആല്‍ത്തറയില്‍ ബലിതൂകി നാദസ്വരത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ കൂടപ്പുഴയിലേക്ക് ആറാട്ടിനായി പുറപ്പെടൂ.
. ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വരുന്നവഴിക്ക് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പറയെടുത്ത് നാദസ്വരത്തിന്റേയും മേളത്തിന്റേയും അകമ്പടിയോടെ ഭഗവാന്‍ പള്ളിവേട്ട ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിക്കും. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം കൊട്ടും. മതില്‍ക്കെട്ടിനകത്തേയ്ക്ക് എഴുന്നള്ളിയശേഷം 12 പ്രദക്ഷിണം നടക്കും. പിന്നീട് കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പൂജകള്‍ മുഴുവനാക്കും.
Advertisement