ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തകളുമായി ശ്രീകൂടല്‍മാണിക്യം തിരുവുത്സവം

500
Advertisement

ഇരിങ്ങാലക്കുട:  ശ്രീകൂടല്‍മാണിക്യം ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കേരളത്തിലെ 10 പദ്ധതിക്ഷേത്രങ്ങളില്‍ ഒന്നാണ്. ഉത്സവകാലഘട്ടത്തില്‍ ഭഗവാന്റെ പുറത്തേക്കുള്ള എഴുന്നള്ളത്തില്‍ പദ്ധതി ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലും കാണാത്ത പ്രത്യേകതകള്‍ ഈ ഭരതമഹാക്ഷേത്രത്തില്‍ ദര്‍ശിക്കാം. മൂലബിംബത്തില്‍ നിന്നാവാഹിച്ച ഭഗവത് ചൈതന്യം മാതൃക്കല്‍ ബലിക്കുശേഷം കോലത്തില്‍ ഉറപ്പിച്ച് അങ്ങേയറ്റം ശ്രദ്ധയോടും പുറത്തേക്ക് കൊണ്ടുവരുന്നു. കോലം, കുട, ആലവട്ടം, വെണ്‍ചാമരം എന്നിവ വഹിക്കുന്നവരും എഴുന്നള്ളത്താനയും ഈ ശുദ്ധിപ്രക്രിയക്ക് വിധേയമാണ്. പുറത്തെ കുളത്തില്‍ ദേഹശുദ്ധി വരുത്തി അകത്ത് തീര്‍ത്ഥം സ്നാനം ചെയ്ത് തറ്റുടുത്തുവേണം എഴുന്നള്ളത്താനയുടെ പുറത്ത് കയറാന്‍. ക്ഷേത്രം തന്ത്രി ദീക്ഷാകലശം പൂജിച്ച് അവരോധിച്ചവരായിരിക്കണം ഇവര്‍. മേല്‍ശാന്തിയുടെ നിയോഗവും ഇതിനാവശ്യമാണ്. ആദ്യകാലത്ത് കീഴ്ശാന്തിക്കാരനായിരുന്നു ഈ അവകാശം. അണിമംഗലം, പാറപ്പുറം, കുന്നം, ഇടശ്ശേരി എന്നീ കീഴ്ശാന്തി കുടുംബത്തില്‍പെട്ടവരായി ഇവര്‍. ഇവരുടെ അഭാവത്താല്‍ ഇരിങ്ങാലക്കുട പെരുവനം, ശുകപുരം എന്നീ ദേശക്കാരായ ബ്രാഹ്മണര്‍ക്കായി ഈ അവകാശം. കോലം എഴുന്നള്ളിക്കുന്ന ആനയുടെ ഇരുവശത്തുമായി രണ്ട് ഉള്ളാനകള്‍ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ചെറുനെറ്റിപ്പട്ടം കെട്ടിയ കുട്ടിയാനകള്‍ ഇരുപുറത്തും നില്‍ക്കുന്നത് എഴുന്നള്ളത്താനയുടെയും ഭഗവത് വിഗ്രഹത്തിന്റെയും ശുദ്ധിയെകൂടി കരുതിയാണ്. എഴുന്നള്ളത്തു സമയത്ത് പാപ്പാന്‍മാര്‍ക്കു പോലും കോലം കയറ്റിയ ആനയുടെ കൊമ്പിലല്ലാതെ ശരീരത്തിലോ ചങ്ങലയില്‍പോലുമോ തൊട്ടുനില്‍ക്കാന്‍ പാടില്ല . അഴകും ആരോഗ്യവും അനുസരണയും ഉള്ള കരിവീരന്‍മാര്‍ കോലമേറ്റാന്‍ മത്സരിക്കുന്നതുപോലെ തങ്ങളുടെ കുട്ടിയാനകളെ ഉള്ളാനകളാക്കാന്‍ ആന ഉടമസ്ഥര്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്നു. ഗുരുവായൂര്‍ കേശവന്‍ ആദ്യം ഉള്ളാനയായും  പിന്നീട് സംഗമേശബിംബം ശിരസ്സിലേറ്റി എഴുന്നള്ളത്താനയായും ഇവിടെ വിരാജിച്ചിട്ടുണ്ട്. പുതിയ ഗജപരിരക്ഷാനിയമം ഒരേ രൂപസൗകുമാര്യമുള്ള കുട്ടിയാനകളെ കിട്ടാന്‍ ഏറെ വിഷമം സൃഷ്ടിച്ചിട്ടുണ്ട്.

Advertisement