പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് വര്‍ഷം കഠിന തടവ്

463

ഇരിങ്ങാലക്കുട: പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. പരിയാരം തവളപ്പാറ ചെറയന്‍ പറമ്പില്‍ വര്‍ഗ്ഗീസ് (53)നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2015 ഫെബ്രുവരി 13ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. പരിയാരം ഇലഞ്ഞിക്കല്‍ കുഞ്ഞുവറീതിന്റെ മകന്‍ ജോണി (50)നെയാണ് പ്രതി വീട്ടില്‍ കയറി ആക്രമിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശ്രമിച്ച കേസില്‍ ചാലക്കുടി പോലീസ് ഇന്‍സ്പക്ടറായിരുന്ന എന്‍.ജി. ശശീന്ദ്രന്‍, ടി.പി. ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

Advertisement