ആറാട്ടുപുഴ: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 നാണ്. 24 ദേവിദേവന്മാര് പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിച്ചുവന്നിരുന്നു. തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളും നെന്മാറ – വല്ലങ്ങി വേലകളിലെ പങ്കാളികളും കുട്ടനെല്ലൂര്‍ പൂരത്തിലെ പങ്കാളികളും എടാട്ട് മാണിക്യ മംഗലം പൂരങ്ങളിലെ പങ്കാളികളും ആറാട്ടുപുഴയില്‍ എത്തിയിരുന്നുവെന്നാണ് പഴമൊഴി. ആഘോഷങ്ങളേക്കാള്‍ ചടങ്ങുകള്‍ക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാന്‍ യക്ഷകിന്നരഗന്ധര്‍വ്വാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം. പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശ്ശൂര്‍ വടക്കുംനാഥന് ക്ഷേത്രം ഉള്‍പ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും.
തൊട്ടിപ്പാള്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് 4 മണിയോടു കൂടി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു.നിത്യപ്പൂജകള്‍, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം 6 മണിയോടുകൂടി ഭൂമിയിലെ എറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് സര്‍വ്വാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേയ്ക്കെഴുന്നള്ളുമ്പോള്‍ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാവീഥികളിലൂടേയും വിദേശികളടക്കമുള്ള പൂരപ്രേമികള്‍ ആറാട്ടുപുഴയിലേയ്ക്കൊഴുകുകയായി. 250ല്‍പരം പ്രമുഖ വാദ്യകലാകാരന്മാര് കയ്യും മെയ്യും മറന്ന് അവതരിപ്പിക്കുന്ന വിശ്വ പ്രസിദ്ധമായ പഞ്ചാരിമേളം പ്രപഞ്ചസീമകള്‍ ലംഘിക്കുമ്പോള്‍ ആസ്വാദകരില്‍ അതിരുകളില്ലാത്ത താളപ്രപഞ്ചം മഹാസാഗരമായി അലയടിക്കും. ദൈവികത്വം നിറഞ്ഞുനില്ക്കുന്ന ക്ഷേത്രനടയില്‍ പുരുഷാരം മതിമറന്ന് തങ്ങളുടെ ഇഷ്ടദേവനുമായി താദാത്മ്യം പ്രാപിക്കുന്ന പുണ്യ മുഹൂര്‍ത്തമാണിത്. മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം കൊട്ടിക്കാലശിച്ചാല് മാനത്ത് ദീപക്കാഴ്ച്ചയൊരുക്കി കരിമരുന്നു പ്രയോഗം. എഴുന്നെള്ളി നില്ക്കുന്ന 15 ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയില്‍ ശാസ്താവ് ഏഴുകണ്ടംവരെ പോകുന്ന കാഴ്ച വര്ണ്ണാനാതീതമാണ്. തേവര് കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നാരായാനായി മാത്രമാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നതത്രേ. മടക്കയാത്രയില്‍ ശാസ്താവ് നിലപാടുതറയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നിലപാടു നില്ക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടു നില്ക്കാന് ഉത്തരവാദിത്വമേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളുന്നു.
ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാല്‍ ദേവീദേവന്മാരുടെ പൂരങ്ങള്‍ ആരംഭിക്കുകയായി. തേവര് കൈതവളപ്പിലെത്തുന്നതു വരെ ഈ എഴുന്നള്ളിപ്പുകള്‍ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്. ഒരസുലഭ നിയോഗം പോലെ, താളമേളങ്ങളുടെ പര്യായമാര്ന്ന ഈ പാണ്ടി – പഞ്ചാരിമേളങ്ങള്‍ ആസ്വദിക്കാനും ദേവീദേവന്മാരെ കൈകൂപ്പി വണങ്ങി സായൂജ്യമടയാനും അചഞ്ചലമായ ഭക്തി സാഗരം അലയടിക്കുന്ന അനിതരസാധാരണമായ ദേവചൈതന്യത്തിന്റെ മൂലസ്ഥാനത്തേയ്ക്ക് ഭക്തരുടെ അണമുറിയാത്ത പ്രവാഹം ആറാട്ടും ഉപചാരവും വരെ തുടരും.
കയറ്റം
ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ ഗംഭീര പഞ്ചാരിമേളം.
തുടര്‍ന്ന് 1 മണിയോടുകൂടി പൂനിലാര്‍ക്കാവ്,കടുപ്പശ്ശേരി, ചാലക്കുടി ചാലക്കുടി പിഷാരിക്കല്‍ ഭഗവതിമാര്‍ 5 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.
ഇറക്കം
12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു.5 ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും ശേഷം ഒരു മണിയോടുകൂടി അന്തിക്കാട് ചൂരക്കോട് ഭഗവതിമാര്‍ 6 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.
പടിഞ്ഞാറുനിന്നുള്ള വരവ്
11 മണിയോടുകൂടി നെട്ടിശ്ശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി എഴുന്നെള്ളുന്നു.
കൂട്ടിയെഴുന്നള്ളിപ്പ്
ആറാട്ടുപുഴ പൂരം ദിവസം അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാല്‍ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര് കൈതവളപ്പില്‍ എത്തുന്നു .പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പ് വരെ തേവര്‍ക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടര്‍ന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും 71ല്‍പരം ആനകളുടെ അകമ്പടിയോടെ അണിനിരക്കുന്നു. വൈകുണ്ഠത്തില്‍ അനന്തശായിയായ സാക്ഷാല്‍ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടും കൂടി വിരാജിക്കുകയാണെന്ന സങ്കല്പം. ദൃശ്യശ്രാവ്യസുന്ദരമായ ഈ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാന്‍ പരസഹസ്രംഭക്തജനങ്ങള് ഒത്തുചേരുന്നു. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടും കൂടി എഴുന്നെള്ളി നില്ക്കുന്ന തേവരേയും ദേവിമാരെയും ഒരുമിച്ച് പ്രദക്ഷിണംവെച്ചു തൊഴുന്നത് സര്‍വ്വദോഷഹരവും സര്വാഭീഷ്ടദായകവുംമാണ്. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം.
മന്ദാരക്കടവിലെ ആറാട്ട്
ആറാട്ടുപുഴ പൂരം ദിവസം അര്‍ദ്ധരാത്രിമുതല്‍ മന്ദാരക്കടവില്‍ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവര് കൈതവളപ്പില്‍ വന്നാല്‍ ദേവിമാരുടെ ആറാട്ട് തുടങ്ങുകയായി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടര്‍ന്ന് മറ്റു ദേവിമാരും ആറാടുന്നു.കൂട്ടിയെഴുന്നള്ളിപ്പിനു ശേഷം വിളക്കാചാരം, കേളിപ്പറ്റ് എന്നിവ കഴിഞ്ഞാല്‍ തേവരും ഊരകത്തമ്മത്തിരുവടിയും ചേര്‍പ്പ് ഭഗവതിയും ആറാട്ടിനായി പരിപാവനമായ മന്ദാരം കടവിലേക്ക് എഴുന്നെള്ളുന്നു. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തില്‍ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാര്‍, അന്തിക്കാട് ,ചേര്‍പ്പ് ക്ഷേത്രങ്ങള്‍ക്ക് വിശാലമായ മന്ദാരം കടവില്‍ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിലത്യപൂര്‍വ്വമാണ്.
പരമപവിത്രമായ ഈ ആറാട്ടില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു നിര്‍വൃതിയടയുന്നു. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാര്‍ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത് .
ഓചാരം
തൃപ്രയാര്‍ തേവര് ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാല്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുകയായി. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാര്ക്ക് ഓചാരം പറയുന്ന ചടങ്ങാണ് പിന്നീട്.
ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവര്‍ക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകുന്നു. അവിടെവെച്ച് ആറാട്ടുപുഴ ശാസ്താവിന്റ ജൌതിഷികന്‍ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കല്‍ ജന്‍ജിത്ത് പണിക്കര്‍ ഗണിച്ച അടുത്ത വര്‍ഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. അടുത്ത വര്‍ഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തര്‍ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക്.