ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകവുമായി ജോഷി ആന്റണി

492

ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകത്തില്‍ വേഷമിടുകയാണ് ചേലൂര്‍ സ്വദേശി ജോഷി ആന്റണി. ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ഒറ്റയാന്‍ നാടകം രണ്ടു വര്‍ഷത്തിനുള്ളില്‍ നൂറു വേദികള്‍ പിന്നിടുകയാണ്. ജോഷി ആന്റണിയാണ് ആന പാപ്പാനായി രംഗത്തെത്തുന്നത്. ആനയും പാപ്പാനും തമ്മിലുള്ള ഇടമുറിയാത്ത സ്നേഹബന്ധമാണ് ഇതിലെ സാരാംശം. പാപ്പാനെ ആരെങ്കിലും ദ്രോഹിച്ചാല്‍ ആനക്കു സങ്കടമുണ്ടാകുന്നതും ഉത്സവത്തിനിടയിലുണ്ടാകുന്ന ആന വിശേഷങ്ങളും ഈ നാടകത്തില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. മോതിരത്തിനായി ആനവാല്‍ മുറിക്കുമ്പോള്‍ പാപ്പാന് വിഷമം ഉണ്ടാകാതിരിക്കാന്‍ വേദന സഹിച്ച് കണ്ണീരൊഴുക്കി ശാന്തനായി നില്‍ക്കുന്ന രംഗം ഏവരുടെയും മനസലിയിപ്പിക്കും. പ്രകൃതിയെ ദുരുപയോഗിക്കുന്നതുമൂലം വരുംനാളുകളില്‍ മുനുഷ്യനുണ്ടാകുന്ന ദുരന്തം വ്യക്തമാക്കുന്നതിലൂടെ പരിസ്ഥിതി സ്നേഹത്തെകുറിച്ചുള്ള സന്ദേശവും ഇതിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്. 50 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണു ഈ നാടകം. രണ്ടു വര്‍ഷം മുമ്പ് ജൂലൈ മൂന്നിന് പാലയൂര്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വച്ച് ആദ്യമായി അവതരിപ്പിച്ച നാടകം 29 ന് നൂറാം വേദി പിന്നിടുകയാണ്. ഇത്രയും നാളത്തെ നാടകാഭിനയത്തില്‍നിന്നും ലഭിച്ച വരുമാനം ജീവകാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണു ജോഷി. കാക്കത്തിരുത്തി വലൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍വെച്ചാണ് നാടകം നൂറാമത് അവതരിപ്പിക്കുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ വേളയിലുള്ള ആനയെഴുന്നള്ളിപ്പും ആന വിവരണങ്ങളും ഈ നാടകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചേലൂര്‍ പോത്താനി സെന്ററില്‍ ഓട്ടോറിക്ഷ ഡ്രൈവറാണു ജോഷി ആന്റണി. പാട്ടത്തിനെടുത്ത് വാഴ, കൊള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പുല്ലൂര്‍ ചമയം നാടകവേദിയുടെ ‘രാവുണ്ണി’ എന്ന നാടകത്തില്‍ കുഞ്ഞമ്പൂ എന്ന കഥാപാത്രം തുടങ്ങി നിരവധി നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്. നാടകത്തില്‍നിന്നും സമാഹരിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി ലൈഫ്ഗാര്‍ഡിനു കൈമാറി. പ്രസിഡന്റ് ചെന്താമരാക്ഷന്‍ തുക ഏറ്റുവാങ്ങി.

Advertisement