സമഗ്രകുടിവെള്ള പദ്ധതി പുരോഗതിയില്‍:സമരങ്ങള്‍ കണ്ണില്‍ പൊടിയിടാനെന്ന്

449

പടിയൂര്‍: നബാര്‍ഡിന്റെ സഹായത്തോടെ പടിയൂര്‍, പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമായി വളവനങ്ങാടി പ്രദേശത്തെ പൈപ്പിടല്‍ ശനിയാഴ്ച തുടങ്ങും. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ പണമടച്ച് നേരത്തെ അനുമതി നേടിയിരുന്നു. ഇതിന്റെ പ്രവര്‍ത്തികളാണ് ശനിയാഴ്ച തുടങ്ങുന്നതെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു. ഇതിന് പുറമെ പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ ഇരിങ്ങാലക്കുട- കാട്ടൂര്‍ പി.ഡബ്ല്യൂ.ഡി. റോഡിന്റെ ഒരുവശം പൊളിച്ച് പമ്പിങ്ങ് മെയിന്‍ സ്ഥാപിക്കാനുണ്ട്. ഇതിനും പി.ഡബ്ല്യൂ.ഡി. അംഗീകാരം നേടി കഴിഞ്ഞു. 16.40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തിരുവനന്തപുരം കെ.ഡബ്ല്യൂ.എ. എം.ഡി. ഓഫീസിലെ ഫൈനാന്‍സ് മാനേജര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവ് ലഭിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പടിയൂര്‍ പഞ്ചായത്ത് ഭരണസമിതിയും എം.എല്‍.എ.യും നടത്തിയിട്ടുണ്ട്. ഉത്തരവ് ലഭിക്കുന്നതോടെ ഈ പ്രവര്‍ത്തികളും ആരംഭിക്കും. ഇതിന്റെ വിശദവിവരങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയേയും വികസന സെമിനാറിലും അറിയിച്ചിട്ടുണ്ട്.പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ പദ്ധതി കമ്മിഷന്‍ ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമത്തിലാണ് എല്‍.ഡി.എഫ്. ഇതിനിടയില്‍ യു.ഡി.എഫിന്റേയും ബി.ജെ.പി.യുടേയും നേതൃത്വത്തില്‍ നടത്തുന്ന കുടിവെള്ള സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും ബിജു വ്യക്തമാക്കി

Advertisement