ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാര്‍ നിറപറയും നെയ്യും സമര്‍പ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടപ്പുരയില്‍ വെച്ചായിരുന്നു സമര്‍പ്പണം. പെരുവനം കുട്ടന്‍ മാരാര്‍, കീഴൂട്ട് നന്ദനന്‍ , മണിയാംപറമ്പില്‍ മണി നായര്‍, കുമ്മത്ത് രാമന്‍ കുട്ടി നായര്‍ എന്നിവരാണ് ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ പ്രമാണിമാരെ സ്വീകരിച്ചു.തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളില്‍ പഞ്ചാരി മേളവും , പെരുവനം പൂരം തറക്കല്‍ പൂരം എന്നീ ദിവസങ്ങളില്‍ പാണ്ടി മേളവും ആണ് അരങ്ങേറുന്നത്.കുറുങ്കുഴലില്‍ കീഴൂട്ട് നന്ദനന്‍ പ്രമാണിയാകും.ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി, പഞ്ചാരി മേളങ്ങളില്‍ കുറുങ്കുഴല്‍ വിദ്വാന്‍ കീഴൂട്ട് നന്ദനന്‍ പ്രമാണിയാകും. കഴിഞ്ഞ വര്‍ഷം വരെ പ്രമാണിയായിരുന്ന കൊടകര ശിവരാമന്‍ നായരുടെ ദേഹവിയോഗത്തെ തുടര്‍ന്നാണ് കീഴൂട്ട് നന്ദനന്‍ പ്രമാണിയാകുന്നത്. കുറുങ്കുഴല്‍ കുലപതിയായിരുന്ന കൊമ്പത്ത് കുട്ടന്‍ പണിക്കരുടെ പ്രഥമ ശിഷ്യനാണ് നന്ദനന്‍.ഉരുട്ടു ചെണ്ടയില്‍ പെരുവനം കുട്ടന്‍മാരാരും വീക്കം ചെണ്ടയില്‍ തലോര്‍ പീതാംബരന്‍ മാരാരും കൊമ്പില്‍ കുമ്മത്ത് രാമന്‍ കുട്ടി നായരും ഇലത്താളത്തില്‍ മണിയാംപറമ്പില്‍ മണി നായരും ശാസ്താവിന്റെ മേളങ്ങളില്‍ പ്രമാണിമാരാകും.
ആറാട്ടുപുഴ ശാസ്താവിനെ നിറപറയോടെ വണങ്ങി മേള പ്രമാണിമാര്‍
Advertisement