ഇരിങ്ങാലക്കുട: ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്ത കോടതിയുടെ സ്റ്റേ. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറിലുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തിലാണ് നടപടി. വിവാദഭൂമി പ്രകൃതിഭേദം വരുത്തുകയോ, നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുകയോ ബാധ്യതപ്പെടുത്തുകയോ കൈമാറ്റം ചെയ്യാനോ പാടുള്ളതല്ലെന്നും കോടതി ഭൂവുടമകളായ സ്വകാര്യ വ്യക്തികളോട് ഉത്തരവിട്ടു. ഭൂമി കൈമാറിയതിലൂടെ സര്‍ക്കാറിന് ഭീമമായ നഷ്ടം വരുത്തിവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ആനന്ദപുരം സ്വദേശി എം.എം. സുരേഷ് ബോധിപ്പിച്ച ഹര്‍ജിയിലാണ് എതൃകക്ഷികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോകായുക്ത കോടതി ഉത്തരവിട്ടത്. മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍, മാടായിക്കോണം എന്നിവരുള്‍പ്പടെയുള്ളവരുടെ ഒത്താശയോടെയാണ് സ്വകാര്യ വ്യക്തിക്ക് ഭൂമി കൈമാറിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒരു കാരണവശാലും തിരിച്ചുനല്‍കാന്‍ പാടില്ല. എന്നാല്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ബോട്ട് ഇന്‍ ലാന്റാണെന്ന് കാണിച്ചാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാളും വളരെ കുറഞ്ഞ വിലക്ക് ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നത്. സെന്റിന് മൂന്ന് ലക്ഷം രൂപ എന്നനിലയില്‍ മൂന്ന് കോടിയുടെ വിലമതിക്കുന്ന ഭൂമിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചേക്കാളും വളരെ കുറഞ്ഞ വിലക്ക് കൈമാറ്റം ചെയ്തിരിക്കുന്നത്. ഇതിലൂടെ കോടികണക്കിന് രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. അതിനാല്‍ സര്‍ക്കാറിനുണ്ടായ ഭീമമായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി ഭൂമി ഭൂവുടമകളില്‍ നിന്നും തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ലോകായുക്തയെ സമീപിച്ചത്. ഈ ഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരെ തെറ്റുദ്ധരിപ്പിച്ച് സമ്പാതിച്ച അനുമതി പ്രകാരം കൂടുതല്‍ മണ്ണെടുത്തുവിറ്റതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജിയോളജി വകുപ്പ് കേസെടുത്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരന്റെ ഭാഗത്തുനിന്നും വിശദമായ വാദം കേട്ട ലോകായുക്ത ഡിവിഷന്‍ ബഞ്ച് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവരോട് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടു.
ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്തയുടെ സ്റ്റേ
Advertisement