ആറാട്ടുപുഴ പൂരം കൊടിയേറ്റം മാര്‍ച്ച് 23ന് പൂരം മാര്‍ച്ച് 29 ന്

1563

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തില്‍ മാര്‍ച്ച് 23ന് രാത്രി 8.30 ന് കൊടിയേറ്റം നടക്കും . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി , ചിറ്റിശ്ശേരി കപ്‌ളിങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി , കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി , ചോരഞ്ചേടത്ത് ശ്രീകുമാര്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട്ട് ജയന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.

പൂര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ട് ആറാട്ടുപുഴ ക്ഷേത്രത്തില്‍ കൊടിയേറ്റത്തിന്റെ തലേ ദിവസം ശുദ്ധിക്കാവശ്യമായ കഴിനൂല്‍ ആറാട്ടുപുഴ പറതൂക്കംപറമ്പില്‍ കുടുംബാംഗം തൃപ്പടിയില്‍ സമര്‍പ്പിക്കുന്നതോടുകൂടി ശാസ്താവിന്റെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.

അന്നു വൈകീട്ട് 5 മണിക്ക് അത്തിയും പ്ലാവും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി ക്ഷേത്രനടപ്പുരയില്‍ വെച്ച് ശാസ്താവിന് സമര്‍പ്പിക്കും. മേല്‍ശാന്തി കൂറ്റമ്പിള്ളി പത്മനാഭന്‍ നമ്പൂതിരി ഏറ്റുവാങ്ങും.
തുടര്‍ന്ന് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിക്കും.

കൊടിയേറ്റ ദിവസം രാവിലെ 5 ന് ചതു:ശുദ്ധി , ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉള്‍പ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .
വൈകീട്ട് 4ന് ശാസ്താവിന് ദ്രവ്യം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തില്‍ ദേശക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാന്‍ പോകുന്നത്. അവിടെ നിന്നും അത്യുത്സാഹപൂര്‍വ്വം ആര്‍പ്പും കുരവയുമായി കൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. ശാസ്താവിന്റെ നിലപാടു തറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെല്‍പറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കുന്നത്. ക്ഷേത്രനടപ്പുരയില്‍ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളില്‍ ചാര്‍ത്തി കൊടിമരം അലങ്കരിക്കും. അലങ്കരിച്ച കൊടിമരം 8.30 ന് ദേശക്കാരാണ് ഉയര്‍ത്തുന്നത്.തുടര്‍ന്ന് ക്ഷേത്രം ഊരാളന്മാര്‍ ഭര്‍ഭപ്പുല്ല് കൊടിമരത്തില്‍ ബന്ധിപ്പിക്കുന്ന ചടങ്ങാണ്.

വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരനെ കുത്തു വിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിക്കും. പൂരം പുറപ്പാട് ഉദ്‌ഘോഷിച്ച് കൊണ്ട് താളമേളങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അടിയന്തിരം മാരാര്‍ ശംഖധ്വനി മുഴക്കി കഴിഞ്ഞാല്‍ തൃപുട താളത്തില്‍ വാദ്യഘോഷങ്ങളോടെ ആര്‍പ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ദേശക്കാരുടേയും കലാ സ്‌നേഹികളുടേയും മനസ്സില്‍ പൂരാവേശം തുടി കൊട്ടി ഉണരുന്ന മുഹൂര്‍ത്തമാണിത്.

തൃപുട മേളം ക്ഷേത്രനടപ്പുരയില്‍ കലാശിച്ചാല്‍ ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തില്‍ 2 നാളികേരം ഉടച്ചുവക്കുന്നു. തുടര്‍ന്ന് അടിയന്തിരം മാരാര്‍ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് ‘ക്ഷേത്രം ഊരാളന്മാര്‍ മുഖമണ്ഡപത്തില്‍ എഴുന്നെള്ളിയിട്ടില്ലേ ‘ എന്നും ‘സമുദായം നമ്പൂതിരിമാര്‍ വാതില്‍മാടത്തില്‍ എത്തിയിട്ടില്ലേ ‘ എന്നും 3 തവണ ചോദിക്കുന്നു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ‘ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ ‘ എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിക്കുന്നു. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയില്‍ പൂരം കൊട്ടിവെക്കുന്നതോടുകൂടി കൊടിയേറ്റ ചടങ്ങുകള്‍ പര്യവസാനിക്കും.

Advertisement