രാത്രിയുടെ സുരക്ഷ തേടി സെന്റ് ജോസഫ് വിദ്യാര്‍ത്ഥിനികള്‍ റോഡിലിറങ്ങി.

2198

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളജ് എന്‍ എസ് എസ് യൂണിറ്റുകളുടെ ദ്വിദിന സൗഹാര്‍ദ്ദ ക്യാമ്പ് ‘തളിര് ‘ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. കോളജിലേക്കുള്ള റോഡിലെ സീബ്രാ ലൈന്‍ വരയ്ക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ക്യാമ്പിന്റെ ഭാഗമായി അവര്‍ ഏറ്റെടുത്തത്. പെയിന്റും ബ്രഷുമായി രാത്രി 10 മണിക്കു ശേഷം റോഡിലിറങ്ങിയ പെണ്‍കുട്ടികള്‍ക്കു പലര്‍ക്കും സന്തോഷം അടക്കാനായില്ല. രാത്രികള്‍ക്ക് സുരക്ഷയും ഉറപ്പുമുണ്ടെങ്കില്‍ ഏതു ജോലിയും ചെയ്തു കാണിക്കാമെന്ന ആവേശം മറ്റു ചിലര്‍ക്ക് . കൃത്യമായ അളവുകളില്‍ പെയ്ന്റടിച്ചതും അത് ഉണങ്ങും വരെ ട്രാഫിക്ക് ഗതാഗതം നിയന്ത്രിച്ചതും പെണ്‍കുട്ടികളായ എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ തന്നെ. പിന്തുണയുമായി ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസും ട്രാഫിക് പൊലീസും ഒപ്പമുണ്ടായിരുന്നു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അഞ്ജു ആന്റണി, വീണ സാനി,മിനി ജോസ്, ബിജോയ് പോള്‍, തിസ്‌ന ടി. ടി,അന്ന റോസ്, നയന ഫ്രാന്‍സിസ്, രാജശ്രീ ശശിധരന്‍, സാന്ദ്ര, അനഘ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മോട്ടിവേഷന്‍ ക്ലാസുകള്‍ക്കൊപ്പം ജൈവ നെല്‍കൃഷി പദ്ധതി ഉര്‍വ്വരതയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

Advertisement