ആയൂര്‍വേദ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത് അഴിമതിയ്ക്കായെന്ന് ആരോപണം

432

ഇരിങ്ങാലക്കുട : നഗരസഭ ആയൂര്‍വേദ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്കു സാധ്യതയുള്ളതായി എല്‍. ഡി. എഫ്. അംഗങ്ങളുടെ ആരോപണം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് അന്‍പത്തിയഞ്ചു ലക്ഷം രൂപയുടെ ഖരമാലിന്യ സ്ംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സപ്ലിമെന്ററിയായി അജണ്ട പാസ്സാക്കിയതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്രയും തുകക്കുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ആശുപത്രിയില്‍ സ്ഥലമില്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നോട് പറഞ്ഞതായി സി. സി. ഷിബിന്‍ പറഞ്ഞു. ഇത്രയുംവലിയ തുക വകയിരുത്തിയത് അഴിമതിക്കു വഴിവക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറും രംഗത്തെത്തി. എന്നാല്‍ വാര്‍ഷിക പദ്ധതി അംഗീകരിച്ച പദ്ധതിയാണ് ഇതെന്നും ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി. പ്ലാന്റ് ആവശ്യമില്ലെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് കത്തു നല്‍കിയാല്‍ പ്രോജക്ട് മാറ്റാവുന്നതാണന്നും എം. ആര്‍. ഷാജു പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് ഇത്തരം പ്രോജക്ടുകള്‍ തയ്യാറാക്കുന്നതെന്ന മറു ചോദ്യവുമായി എല്‍. ഡി. എഫ്. അംഗങ്ങളും രംഗത്തു വന്നതോടെ യു ഡി. എഫ്. അംഗങ്ങളും എല്‍. ഡി. എഫ്. അംഗങ്ങളും തമ്മില്‍ ഏറെ നേരം വാക്കേറ്റം തുടര്‍ന്നു. ആശുപത്രി സൂപ്രണ്ട് എഴുതി നല്‍കിയാല്‍ മാത്രമെ പ്രോജക്ട് മാറ്റാനാവുകയുള്ളുവെന്ന സന്തോഷ് ബോബന്റെ പരാമര്‍ശവും അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടയാക്കി. എന്നാല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത് വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതിയില്‍ നിന്നും അംഗീകാരം ലഭിച്ച പ്രോജക്ടാണ് പ്ലാന്റ് നിര്‍മാണമെന്ന് സെക്രട്ടറി ഒ എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു. പദ്ധതി വേണമെങ്കില്‍ കൗണ്‍സിലിനു ഉപേക്ഷിക്കാം. നേരത്തെ ആയിരുന്നു എങ്കില്‍ ആ തുക മറ്റ് വകയിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍ വിഷയത്തില്‍ പരിശോധിച്ച്് നടപടി സ്വീകരിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്ത അറിയിച്ചു.

Advertisement