യുവാവിനെ തട്ടികൊണ്ടുപോയി കവര്‍ച്ച; പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷ

679
Advertisement

ഇരിങ്ങാലക്കുട: യുവാവിനെ തട്ടികൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ 12 വര്‍ഷം കഠിന തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ താന്ന്യം അയ്യാണ്ടി വീട്ടില്‍ കായ്കുരു എന്ന രാഗേഷ്, നാട്ടിക എസ്.എന്‍. കോളേജിന് സമീപം ആറുകെട്ടി വീട്ടില്‍ ഷൈജു, നാട്ടിക കൊടുപ്പുള്ളി വീട്ടില്‍ അരുണ്‍, കാട്ടൂര്‍ പര്‍ളിക്കാട്ടില്‍ വീട്ടില്‍ ബൂട്ടിയ ബൈജു എന്ന ബൈജു എന്നി നാല് പ്രതികളെയാണ് 12 വര്‍ഷത്തെ തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും ഇരിങ്ങാലക്കുട അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2010 മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടുകാരനായ പരാതിക്കാരനെ പണയ സ്വര്‍ണ്ണം എടുത്തുകൊടുക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം വെള്ളാനിയില്‍ വെച്ച് പ്രതികള്‍ സ്‌കോര്‍പ്പിയോയില്‍ ബലമായി തട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കത്തികാണിച്ചും ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേല്‍പ്പിച്ചും ഇയാളുടെ കൈവശമുണ്ടായിരുന്ന എ.ടി.എം. കാര്‍ഡും 35,000 രൂപയും ബലമായി പിടിച്ചെടുക്കുകയും പിന്‍നമ്പര്‍ വാങ്ങി ചാലക്കുടി എസ്.ബി.ടി. എ.ടി.എമ്മില്‍ നിന്നും അഞ്ചുതവണകളായി 50,000 രൂപ പിന്‍വലിച്ചെടുത്തും കവര്‍ച്ച ചെയ്യുകയുമായിരുന്നു. കാട്ടൂര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലിസ് സി.ഐ.യായിരുന്ന സോണി ഉമ്മന്‍ കോശി, ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

Advertisement