ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് ആദ്യത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനം : ചന്തകുന്നിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.

2486
Advertisement

ഇരിങ്ങാലക്കുട : നഗരത്തില്‍ മാര്‍ച്ച് ആദ്യത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ ഠാണാവില്‍ നിന്നും കാട്ടൂര്‍ ബൈപ്പാസ് വഴി തിരിഞ്ഞ് മാസ് തിയ്യറ്റര്‍ വഴി ക്രൈസ്റ്റ് കോളേജിന്റെ മുന്നിലെത്തി എ. കെ. പി. ജംഗ്ഷന്‍ വഴി ബസ്സ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം, ചന്തക്കുന്ന് ജംഗഷനില്‍ ബ്ലിങ്കിങ്ങ് ലൈറ്റ് സംവിധാനം നടപ്പിലാക്കുക, ചന്തക്കുന്ന് റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഫിറ്റ്‌നസ്സിലാത്തതും ജീവന് ഭീഷണിയായി നില്‍ക്കുന്നതുമായ കെട്ടിടങ്ങള്‍ പോലീസ് സഹായത്തോടെ പൊളിച്ചു മാറ്റുക, ബസ്സ് സ്റ്റാന്‍ഡ് പരിസരത്തെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ടൗണ്‍ ഹാള്‍ റോഡില്‍ പാര്‍ക്കിങ്ങ് നിരോധിക്കുക, ടൗണ്‍ ഹാളില്‍ പരിപാടി ഇല്ലാത്ത ദിവസങ്ങളില്‍ ഫീസ് ഈടാക്കി വാഹന പാര്‍ക്കിങ്ങ് അനുവദിക്കുക,പുതുതായി നിര്‍മ്മിച്ച ബൈപ്പാസ് റോഡ് വഴി ബസുകളടക്കം വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനം ക്രമികരിക്കുക, നഗരസഭയുടെ ടൗണ്‍ പ്രദേശത്ത് പുതിയ ഓട്ടോറിക്ഷ പേട്ടകളും പെര്‍മിറ്റുകളും അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ട്രാഫിക് കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ട്രാഫിക കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്ന ബി. ജെ. പി. അംഗം രമേഷ് വാരിയര്‍ കുറ്റപ്പെടുത്തി. മാപ്രാണം ജംഗഷനില്‍ ത്യശ്ശൂര്‍ ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് വടക്കോട്ട് നീക്കി സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ട് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് രമേഷ് വാരിയര്‍ ചൂണ്ടിക്കാണ്ടി. ചന്തക്കുന്ന് റോഡില്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നതും ഫിറ്റ്‌നസ് ഇല്ലാതെ ജീവന് ഭീഷണിയായി നില്‍ക്കുന്നതുമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് നോട്ടീസ് നല്‍കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

Advertisement