ഇരിങ്ങാലക്കുടയിലെ അനധികൃത അറവുമാംസ വില്‍പ്പനയ്ക്ക് പിടിവീഴുന്നു.

810

ഇരിങ്ങാലക്കുട : അംഗീകാരമുള്ള അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ അംഗീക്യത മുദ്രയില്ലാതെ നടത്തുന്ന മാംസ വില്‍പ്പനശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കാടതി ഉത്തരവ് സംബന്ധിച്ച അജണ്ടയിലായിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി ഉത്തരവു പ്രകാരം മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭക്ക് അറവുശാല ഇല്ലാത്ത സ്ഥിതിക്ക് മാംസ വില്‍പ്പന ശാലകള്‍ അനുവദിക്കരുതെന്നായിരുന്നു സന്തോഷ് ബോബന്റെ ആവശ്യം. ഹൈക്കോടതി ഉത്തരവു പ്രകാരം നഗരസഭ നടപടി എടുത്ത് അറിയിക്കേണ്ടതുണ്ടെന്നും അനധിക്യ മാംസ വില്‍പ്പന ശാലകള്‍ അടച്ചു പൂട്ടണമെന്നുമാണ് ഹൈക്കോടതിയിലെ നഗരസഭയുടെ അഭിഭാഷകര്‍ അറിയിച്ചതെന്ന് സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു. എന്നാല്‍ അംഗീകാരമുള്ള ചാലക്കുടി, കൊടുങ്ങല്ലൂര്‍ പോലുള്ള നഗരസഭകളിലെ അറവുശാലയില്‍ അറക്കുന്ന മാസം വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷമായിട്ടും നഗരസഭയുടെ അറവുശാല പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ പോയത് ഭരണ നേത്യത്വത്തിന്റെ കഴിവുകേടാണന്ന് ചൂണ്ടിക്കാട്ടി എല്‍. ഡി. എഫ് അംഗം പി. വി. ശിവകുമാര്‍ രംഗത്തു വന്നു. അംഗീകാരമുള്ള അറവുശാലകളില്‍ നിന്നും കൊണ്ടു വരുന്ന മാസം വില്‍പ്പന നടത്തുന്നത് അനുവദിക്കണമെന്ന നിലപാട് എല്‍. ഡി. എഫ്. അംഗങ്ങളും എടുത്തു. എന്നാല്‍ മാംസ വില്‍പ്പനശാലകള്‍ക്ക് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ രംഗത്തു വന്നത്, യു. ഡി. എഫ്. അംഗങ്ങളും സന്തോഷ് ബോബനും തമ്മില്‍ നേര്‍ക്ക് നേര്‍ വാഗ്വാദത്തിന് വഴിവച്ചു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെ ടെക്‌നിക്കല്‍ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. .ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് അംഗീകാരമുള്ള നഗരസഭകളിലെ അറവുശാലകളില്‍ നിന്നും കൊണ്ടു വരുന്ന മാംസം വില്‍പ്പന നടത്താവുന്നതാണന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.

Realated news വര്‍ഷങ്ങളായി അടച്ചിട്ട അറവുശാല തുറക്കാനുള്ള നടപടികള്‍ വൈകുന്നു

Advertisement