ഭാര്യയെ വെട്ടി കൊലപെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

5605

ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങചിറ പോലീസ് സ്റ്റേഷന് സമീപം വാടക വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുട്ടപ്പശേരി വീട്ടില്‍ ഇമ്മാനുവല്‍ (68), ഭാര്യ മേഴ്സി (64) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. സംഭവസമയത്ത് ഇമ്മാനുവലും മേഴ്സിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മേഴ്സിയെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചനിലയിലും ഇമ്മാനുവലിനെ മറ്റൊരു മുറിയില്‍ തുങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. ഒരുവര്‍ഷമായി ഈ വാടകവീട്ടിലാണ് താമസം. ആസാദ് റോഡില്‍ പുതിയതായി വീട് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ പോലീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ സ്വയം വിരമിച്ച് നാട്ടില്‍ കഴിയുകയാണ് ഇമ്മാനുവല്‍. മേഴ്സി ഇരിങ്ങാലക്കുട സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്. അടുത്തമാസം മകളുടെ പ്രസവ ശുശ്രൂഷക്കായി അമേരിക്കയിലേക്ക് പോകുവാനിരിക്കുകയായിരുന്നു ഇരുവരും. നാല് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു മക്കള്‍ വിദേശത്തും ഒരാള്‍ ബാംഗ്ലൂരില്‍ ജോലിയുമാണ്. മക്കള്‍ ഷിനിത, ഷാനിത, ഷിബിത, ഷിജിത, മരുമക്കള്‍: സോണി, വിനിക്, ജിതിന്‍. വീട്ടില്‍ പാല്‍ കൊണ്ടുവന്നു വക്കാനെത്തിയയാളാണ് ആദ്യം വിവരം അറിഞ്ഞത്.ഇമ്മാനുവലിന്റെ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍ എസ് ഐ എസ് കെ സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

 

 

Advertisement