അവസാനിക്കാത്ത സിംഹഗര്‍ജ്ജനം

672
Advertisement

കേരളത്തിന്റെ സാമൂഹിക സംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടിരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് 24-01-2016 ന് 4 വര്‍ഷം പൂര്‍ത്തിയാവുന്നു എങ്കിലും ഇപ്പോഴും അദ്ദേഹം രൂപ കല്പന നല്കിയ പ്രസ്ഥാനങ്ങളും മഹത്തായ ആശയങ്ങളും ജനതയെ പ്രചോദിപ്പിക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ അനീതിയും, അക്രമങ്ങളും ശിഥിലീകരണ അവസ്ഥകളും തലപൊക്കിയാലും അതിനെയെല്ലാം ചെറുത്തു തോല്പിക്കാനുള്ള ആഹ്വാനവുമായി, ഒറ്റയാള്‍ പട്ടാളമായി പ്രത്യക്ഷപ്പെടാറുള്ള അഴിക്കോട് മാനവികതയുടെ ഉടലെടുത്ത പ്രതിരൂപമായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരന്‍ മുതല്‍ അഗാധപണ്ഡിതന്മാര്‍ വരെ അദ്ദേഹത്തിന്റെ അസാമാന്യ ധിഷണാശക്തിയില്‍ ആകൃഷ്ടരായി. മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങെളപ്പോലെ സമാധാനമായ സന്തുഷ്ട ജീവിതം നയിക്കണമെന്നതായിരുന്നു അഴിക്കോടിന്റെ ആശയങ്ങളുടെ ആകത്തുക. മലയാളഭാഷാ – സാഹിത്യ മഹത്വം ലോകമെമ്പാടും എത്തിക്കുക എന്നത് ജീവിത ദൗത്യമായിരുന്നു അദ്ദേഹത്ത സംബന്ധിച്ചിടത്തോളം. പ്രശസ്ത വാഗ്മിയും, മാതൃകാദ്യാപകനും, പത്രാധിപനും സാമൂഹ്യ സംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്നു. ‘തത്വമസി’, ‘ മലയാള സാഹിത്യവിമര്‍ശനം’, ‘ആശാന്റെ സീതാകാവ്യം’,’ ഭാരതീയത’, ‘മഹാത്മാവിന്റെ മാര്‍ഗ്ഗം’, തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങള്‍ അഴിക്കോടിന്റെ പണ്ഡിത്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. മഹാത്മജിയുടെ 125 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 125 കേരള ഗ്രാമങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഐതിഹാസികമെന്നുതന്നെ വിശേഷിപ്പിക്കാം. ‘ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന’ ഗാന്ധിയന്‍ ആശയത്തെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഈ പ്രഭാഷണങ്ങളോരോന്നും. കേരള- കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വ്യാപരിച്ച സമസ്ത മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അഴിക്കോടിനും ആശയങ്ങള്‍ക്കും മരണമില്ല; തലമുറകള്‍ക്ക് നിറദീപമായി ആയിരം നാവായി മാനവികതയുടെ അടയാളമായി വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കും. ലോകം ഇന്ന് ഒരു വിനാശകരമായ അവസ്തയിലേക്ക് നടന്ന് നീങ്ങുകയാണ്. ഇന്നലെ വരെ അമൂല്യമായി കരുതിവന്ന പലതും ഇന്ന് അതല്ലാതായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നു. മൂല്യച്യൂതിയുടെ കരാളരൂപങ്ങളാണ് എങ്ങും എവിടെയും അക്രമവും, അനീതിയും, അഴിമതിയും മറ്റും മറ്റും… ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അന്തസ്സും അഭിമാനവും നഷ്ടപ്പട്ട തലമുറയായി അധപതിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരുരക്ഷകനെ തേടുകയാണ്… അവിടെയാണ് അഴിക്കോട് എന്ന മനുഷ്യസ്നേഹി ഏറെ പ്രസക്തമാകുന്നതും അദ്ദേഹമില്ലാത്ത അവസ്ഥ നാം അനുഭവിച്ചറിയുന്നതും.

 

ഉണ്ണികൃഷ്ണന്‍ കിഴുത്താനി

 

Advertisement