ഇരിങ്ങാലക്കുട : ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകന് (46) മുന്നില്‍ മാലഖയായി അവതരിച്ച സി.റോസ് ആന്റോയുടെ വൃക്കദാന ശസ്ത്രക്രിയ നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ എറണാകുളം ലേക്ഷ്വാര്‍ ആശുപത്രിയില്‍ വച്ചാണ് വൃക്കദാതാവായ സി.റോസ് ആന്റോയുടെയും സ്വീകര്‍ത്താവായ തിലകന്റെയും ശസ്ത്രക്രിയ നടക്കുന്നത്. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ഭാര്യയുടെയും മറ്റും വൃക്ക ക്രോസ് മാച്ചിംങ്ങ് നടത്തി നോക്കിയെങ്കില്ലും ശരിയാവത്തതിനെ തുടര്‍ന്ന് നിരാശരായ ഇവര്‍ക്ക് മുന്നിലേയ്ക്ക് സ്വമേധയാല്‍ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധയായി എത്തുകയായിരുന്നു സിസ്റ്റര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോ തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ദൈവത്തിനുള്ള നന്ദി പ്രകാശനമായാണ് സിസ്റ്റര്‍ തിലകന് വൃക്ക നല്‍കാന്‍ സന്നദ്ധയായാത്. അമ്മയില്‍ നിന്നാണ് മാനുഷിക മൂല്യത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ആദ്യപാഠങ്ങള്‍ക്ക് വേരുറയ്ക്കുന്നത്. ആ വിത്തില്‍ നിന്ന് അനവധ്യങ്ങളായി സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ സ്വതസിദ്ധമായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു സിസ്റ്റര്‍. ഇന്ന് ഇരിങ്ങാലക്കുടയിലെ സാമൂഹിക – സാംസ്‌ക്കാരിക രംഗത്തെ ഒരു സജീവ സാന്നിധ്യമാണ് സിസ്റ്റര്‍ റോസ് ആന്റോ. പരിസര ശുദ്ധീകരണം, സാമുഹിക വനവല്‍ക്കരണം, വൃദ്ധജന സംരക്ഷണം, സാധുവിധവകള്‍ക്ക് കൈത്താങ്ങുനല്‍കല്‍, യുവതലമുറയ്ക്ക് ജീവിത ദര്‍ശനത്തിന് ഉപയുക്തമായ പ്രയോഗിക പരിശീലനം നല്‍കുക, ആദിവാസികള്‍ക്ക് പോഷക ആഹാരം നല്‍കുക തുടങ്ങിയ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ റോസ് ആന്റോക്ക് മികച്ച സാമൂഹിക പ്രവര്‍ത്തക, മികച്ച അധ്യാപിക എന്നിനിലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ നഗരത്തില്‍ കൈതവനയില്‍ മംഗലത്ത് വീട്ടില്‍ ദിവംഗതരായ ദേവസ്യാ ആന്റണിയുടെയും ത്രേസ്യാമ്മ ആന്റണിയുടെയും പന്ത്രണ്ട് മക്കളില്‍ ഒന്‍പതാമത്തെ ആളാണ് സിസ്റ്റര്‍. എം. എ ഒന്നാം ക്ലാസിലും എം.ഫില്‍ ഒന്നാം റാങ്കിലും പാസായ സിസ്റ്റര്‍ 2003 ല്‍ ‘ബൈബിളിലും കബീര്‍ദാസ് കൃതികളിലും ( ക്രൈസ്തവ- ഭാരതീയ) സുവ്യക്തമായി പ്രകാശിച്ചു കാണുന്ന സാമൂഹിക പരിഗണനയും സാര്‍വ്വത്രിക ക്ഷേമകാംക്ഷയും’ സംബന്ധിച്ച് ഗവേഷണം നടത്തി ഡോക്ടറേക്ട് നേടിയിട്ടുണ്ട്. താന്‍ ഗവേഷണം നടത്തിയതും ചെറുപ്പം മുതല്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഗുരുഭൂതന്മാര്‍ തുടങ്ങിയവര്‍ പകര്‍ന്നു തന്നതുമായ ജീവിത സാക്ഷ്യം ആണ് തന്റെ അവയവദാന സംരംഭത്തിലൂടെ സിസ്റ്റര്‍ ലോകത്തിന് ഒരു സന്ദേശമായി നല്‍കുന്നത്. ഭാര്യയും സ്‌ക്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങിയതാണ് തിലകന്റെ കുടുംബം. തിലകന് സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി നാട്ടുകാര്‍ സെബാസ്റ്റ്യന്‍ .ടി.എ(വിക്ടറി തൊഴുത്തും പറമ്പില്‍) ചെയര്‍മാനും മുനിസിപ്പല്‍ കൗണ്‍സിലര്‍ മീനാക്ഷി ജോഷി കണ്‍വീനറായും, പ്രതീഷ് ട്രഷററായും ഉള്ള സഹായനിധി രൂപികരിച്ചിരുന്നു. എങ്കിലും ശ്‌സ്ത്രക്രിയയ്ക്കും തുടര്‍ന്നുള്ള ചികിത്സയ്ക്കും ആവശ്യമായ പണം ഇനിയും കണ്ടെത്താകാനാകാത്ത് സ്ഥിതിയാണുള്ളത്. നാളെ ഓപ്പറേഷന്‍ നടക്കാനിരിക്കെ സുമനസ്സുകളുടെ കാരുണ്യം കൊണ്ടു മാത്രമേ സിസ്റ്ററുടെ പ്രയത്‌നത്തിന് ഫലമുണ്ടാവുകയുള്ളൂ.കനറാ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍:0807101098562(IFSC Code: CNRB0000807).
Advertisement