ഇരിങ്ങാലക്കുട ; കേരളം മാറി മാറി ഭരിച്ചിട്ടുള്ളവര്‍ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന നിന്ദക്കും അവഗണനക്കും ക്രൂരതക്കുമുള്ള തെളിവും അതിന്റെ നേര്‍ക്കാഴ്ചയുമാണ് മാപ്രാണം ചാത്തന്‍മാസ്റ്റര്‍ കമ്മ്യുണിറ്റി ഹാളെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനത്തിനിടെ ചാത്തന്‍ മാസ്റ്റര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തകര്‍ന്ന് കിടക്കുന്ന ചാത്തന്‍മാസ്റ്റര്‍ മെമ്മേറിയല്‍ ഹാള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.പാവങ്ങള്‍ക്കു വേണ്ടി പടത്തുയര്‍ത്തിയ കമ്മ്യുണിറ്റി ഹാളിന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ നഗരസഭയും സംസ്ഥാന മുഖ്യമന്തിയും, പട്ടികജാതി വകുപ്പുമന്ത്രിയും പ്രതിപക്ഷനേതാവും തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. പി.കെ. ചാത്തന്‍ മാസ്റ്റര്‍ക്ക് സമുചിതമായ ഒരു സ്മാരകം നിര്‍മ്മിക്കുവാന്‍ എല്‍.ഡി.എഫിനോ, യു.ഡി.എഫിനോ ഇതുവരേയും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് സമുചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ അത് ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കമ്മ്യുണിറ്റി ഹാള്‍ പുനര്‍നിര്‍മ്മിക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കൂളില്‍ വികസന പ്രവര്‍ത്തനം നടത്താനും നഗരസഭക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളെ മുന്‍ നിറുത്തി ബി.ജെ.പി. നേത്യത്വം നല്‍കി സ്മാരകങ്ങള്‍ നിര്‍മ്മിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.ഇരിങ്ങാലക്കുട നഗരസഭ മുന്‍ ഭരണസമിതിയുടെ കാലത്താണ് നവീകരണത്തിന്റെ പേരില്‍ ഹാള്‍ പൊളിച്ചിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും ഹാള്‍ പുനര്‍ നിര്‍മ്മിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. കെ.പി.എം.എസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന സമിതി എന്നിവയുടെ പ്രതിഷേധങ്ങളും കോടതി വ്യവഹാരങ്ങളുമാണ് കെട്ടിടം പുനര്‍ നിര്‍മ്മാണത്തിന് തടസ്സമായി നിന്നിരുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും കോടതി അനുമതിയോടെ മാത്രമെ പുനര്‍ നിര്‍മ്മാണം നടക്കുകയൊള്ളുവെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും കെട്ടിടത്തിന്റെ ചുമരുകളും സ്ഥലവും കാട് വിഴുങ്ങാന്‍ അനുവദിക്കാതെ വ്യത്തിയാക്കിയിടാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. 1957ലെ പ്രഥമ ഇ.എം.എസ് മന്ത്രിസഭയിലെ പട്ടികജാതി പഞ്ചായത്ത് സഹകരണ വകുപ്പ് മന്ത്രിയും, കെ.പി.എം.എസ് നേതാവുമായിരുന്നു പി.കെ ചാത്തന്‍മാസ്റ്റര്‍.അധസ്ഥിത വര്‍ഗ്ഗത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച തൊഴിലാളി വര്‍ഗ്ഗ പോരാളിയായിരുന്ന പി.കെ ചാത്തന്‍ മാസ്റ്ററുടെ പേരില്‍ 1989ല്‍ പട്ടികജാതി വികസന വകുപ്പാണ് ഹാള്‍ നിര്‍മ്മിച്ചത്. 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹാള്‍ 2001ലാണ് പൊറത്തിശ്ശേരി പഞ്ചായത്തിന് കൈമാറിയത്. പിന്നിട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.സി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് ഹാള്‍ പൊളിച്ചുമാറ്റി പുതിയ ഹാള്‍ നിര്‍മ്മിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പ്രോജക്റ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തടഞ്ഞതോടെ പദ്ധതി നടപ്പിലായില്ല. പിന്നിട് മുന്‍ ഭരണസമിതിയുടെ അവസാനകാലത്ത് അമ്പത് ലക്ഷം രൂപ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി. ഹാളിന്റെ മുന്‍വശം പൊളിച്ച് നീക്കി ഓഫീസ് സൗകര്യത്തോടെ മുന്‍വശം പുനര്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിന്‍ പ്രകാരം ഹാള്‍ പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചതോടെ കെ.പി.എം.എസ്സും, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സമരങ്ങളും കോടതി വ്യവഹാരങ്ങളുമെക്കെയായി നവീകരണം നിലച്ചതോടെ സ്ഥലം കാടുകയറി. ഇപ്പോള്‍ പുല്‍പടര്‍പ്പുകള്‍ അസ്ഥികോലം പോലെ നില്‍ക്കുന്ന ചുവരുകള്‍ക്കൊപ്പമെത്തി. എന്നീട്ടും അധികാരികള്‍ അനങ്ങിയിട്ടില്ല.
മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന്റെ അവസ്ഥ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന അവഗണനയുടെ നേര്‍കാഴ്ച്ച : കുമ്മനം രാജശേഖരന്‍
Advertisement