തപസ്യ തിരുവാതിര മഹോത്സവം സമാപിച്ചു.

553

ഇരിങ്ങാലക്കുട : തപസ്യ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ രണ്ടു ദിവസങ്ങളായി നടന്ന തിരുവാതിര മഹോത്സവം സമാപിച്ചു. വൈകീട്ട് ഫിനിക്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ റിട്ട. എയര്‍കാമന്റര്‍ കെ.ബാലകൃഷ്ണമേനോന്‍ തിരുവാതിര മഹോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തപസ്യ യൂണിറ്റ് പ്രസിഡണ്ട് ചാത്തംപിള്ളി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, സംഘാടകകമ്മിറ്റി കണ്‍വീനര്‍ സുചിത്രവിനയന്‍, വി.എം.ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സംഗമഗ്രാമ തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിര കളിയോടെ പരിപാടികള്‍ ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ അവതരിപ്പിച്ച തിരുവാതിര കളി ഉണ്ടായിരുന്നു. 12 മണിക്കുശേഷം പാതിരപൂചൂടല്‍ തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ നടന്നു. തിരുവാതിര വിഭവങ്ങളോടുകൂടിയ ഭക്ഷണവും ഉണ്ടായിരുന്നു. തിരുവാതിര അനുഷ്ഠാന ചടങ്ങുകള്‍ക്ക് പുത്തില്ലം ലീലഅന്തര്‍ജ്ജനം നേതൃത്വം നല്‍കി. തിരുവാതിര ആഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഞായറാഴ്ച്ച മകീര്യം നാളില്‍ എട്ടങ്ങാടി അനുഷ്ഠാന ചടങ്ങുകളും നടന്നു. തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരകളിക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ശക്തിനിവാസില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷാണ് സാവിത്രി അന്തര്‍ജ്ജനത്തെ ഷാളണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ എ.എസ്.സതീശന്‍, പുരുഷോത്തമന്‍ ചാത്തമ്പിള്ളി, കെ.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് മേനോന്‍, സൂശീല പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ശക്തിനിവാസില്‍ നടന്ന എട്ടങ്ങാടി ആഘോഷങ്ങള്‍ക്ക് സാവിത്രി അന്തര്‍ജ്ജനം നേതൃത്വം നല്‍കി. അനുഷ്ഠാന ചടങ്ങിലും സമ്പ്രദായ തിരുവാതിരകളിയിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

Advertisement