രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; ഇരിങ്ങാലക്കുട ബൈപ്പാസ് പുതുവത്സരദിനത്തില്‍ തുറന്ന് നല്‍കും.

1314

ഇരിങ്ങാലക്കുട: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ 9.30ന് നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു റോഡിന്റെ ഉദ്ഘാടനം നടത്തും. ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന ബൈപ്പാസ് റോഡ് പക്ഷെ പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷത്തിലേറെ വേണ്ടിവന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട പൂര്‍ത്തികരണവും മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. എന്നാല്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ബൈപ്പാസ് റോഡിന്റെ പൂര്‍ത്തികരണം നീണ്ടുപോയി. പല തവണ ബൈപ്പാസ് റോഡ് പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് അധികാരികള്‍ പ്രസ്താവിച്ചതല്ലാതെ യാഥാര്‍ത്ഥ്യമായില്ല. ഇതിനെ തുടര്‍ന്ന് പ്രിയദര്‍ശിനി കലാസാംസ്‌ക്കാരിക വേദി മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹ സമരം നടത്തി. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ ടാറിങ്ങ് പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കാന്‍ ഒരുങ്ങുന്നത്. 1080 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയില്‍ ടാറിങ്ങുമുള്ള റോഡ് പല ഘട്ടങ്ങളിലായി രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ചിട്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Advertisement