ഇരിങ്ങാലക്കുട : ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി കെസിബിസിയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ നല്കി. ഇരിങ്ങാലക്കുട രൂപതയിലെ സ്ഥാപനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ഭവനങ്ങളില്‍ നിന്നുമായി സമാഹരിച്ച ഈ തുക ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് മോണ്‍. ആന്റോ തച്ചിലിനു കൈമാറി. വിശ്വാസികളുടെ ത്യാഗത്തിന്റേയും സുമനസുകളുടെ നന്മയുടേയും പ്രകട ഭാവമാണ് വേദനിക്കുന്നവരോട് പക്ഷം ചേരാനുള്ള ഈ സന്മനസെന്ന് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രൂപത മെത്രാന്‍ അറിയിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രലില്‍ വച്ചു നടന്ന സമ്മേളനത്തില്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, ചാന്‍സലര്‍ ഫാ. നിവിന്‍ ആട്ടോക്കാരന്‍, രൂപത പ്രൊക്കുറേറ്റര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, എ കെ സി സി പ്രസിഡന്റ് റിന്‍സന്‍ മണവാളവന്‍, സി എല്‍ സി പ്രസിഡന്റ് കെ സി വൈ എം ചെയര്‍മാന്‍ എഡ്വിന്‍ കുറ്റിക്കാടന്‍, ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് സി പോള്‍, കത്തീഡ്രല്‍ കൈക്കാരന്മാര്‍, സോഷ്യല്‍ ആക്ഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.