പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന മൂര്‍ക്കനാട് പാടശേഖരത്തിന് ശാപമോക്ഷം

437

മൂര്‍ക്കനാട്: പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന മൂര്‍ക്കനാട് ചിത്രാപ്പ് കായലിന് കിഴക്ക് ഭാഗത്തെ പാടശേഖരത്തിന് ശാപമോക്ഷം.അഞ്ചൂറോളം പറ വരുന്ന മൂര്‍ക്കനാട് പുറത്താട് പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയത്. വ്യാഴാഴ്ച്ച സംസ്ഥാന  കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്യ്തു.കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു മുഖ്യാതിഥിയായിരിന്നു.വലിയ കോള്‍ പടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ തരിശുപാടത്തെ കൃഷിയോഗ്യമാക്കിയത്. ചെമ്മണ്ട കായല്‍ കടുംകൃഷി സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്ന ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും കര്‍ഷകരെ വിളിച്ച് മീറ്റിങ്ങ് കൂടുകയല്ലാതെ കൃഷി ചെയ്യാന്‍ വേണ്ട പശ്ചാത്തല സൗകര്യമൊരുക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ ഇക്കുറിയെങ്കിലും പാടത്ത് കൃഷിയിറക്കണമെന്ന വാശിയിലായിരുന്നു ഇവിടത്തെ കര്‍ഷകര്‍. അതിന്റെ ഭാഗമായി വലിയ കോള്‍പടവ് സംരക്ഷണ സമിതി എന്ന പേരില്‍ കര്‍ഷകരുടെ ഒരു കൂട്ടായ്മ രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങി. കര്‍ഷകര്‍ സജ്ജമായതോടെ കടുംകൃഷി സഹകരണ സംഘം മോട്ടോര്‍ ഷെഡ് നിര്‍മ്മിച്ച് മോട്ടോര്‍ വെച്ചു. പാടത്തുനിന്നും പുത്തന്‍ തോട്ടിലേക്ക് വെള്ളം അടിച്ച് കളയാന്‍ സൗകര്യമൊരുക്കി. അവശ്യസമയങ്ങളില്‍ കൃഷിക്ക് തോട്ടില്‍ നിന്നും വെള്ളം ലഭ്യമാക്കാന്‍ ഒരു കിലോ മീറ്ററോളം ദൂരത്ത് പൈപ്പിടാന്‍ കൃഷിവകുപ്പ് 50,000 രൂപ അനുവദിച്ചതും കര്‍ഷകര്‍ക്ക് തുണയായി.

Advertisement