ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ ഷണ്‍മുഖം കനാലിന് കുറുകെയുണ്ടായിരുന്ന തകര്‍ന്നുവീണ നടപ്പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. കനാലിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചുള്ള രണ്ട് പാലങ്ങള്‍ തകര്‍ന്നുവീണിട്ട് രണ്ട് വര്‍ഷത്തോളമായി. ഷണ്‍മുഖം കനാല്‍ മെയിന്‍ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാലവും ചരുംന്തറ ഭാഗത്തെ നടപ്പാലവുമാണ് തകര്‍ന്നുവിണത്. നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പാലമാണ് ചരുംന്തറ ഭാഗത്തെ തകര്‍ന്ന് വീണ നടപ്പാലം. 2016 ജനുവരിയിലാണ് പാലം തകര്‍ന്നുവീണത്. ആദ്യം മരപ്പാലമായിരുന്ന പാലം പിന്നിട് കോണ്‍ക്രീറ്റില്‍ പുതുക്കി പണിയുകയായിരുന്നു. എന്നാല്‍ അതിനുശേഷം യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് പാലത്തിലെ കൈവരികള്‍ തകരുകയും സിമന്റ് അടര്‍ന്ന് കമ്പികള്‍ പുറത്താകുകയും ചെയ്തു. പാലം അപകടത്തിലായിട്ടും യാതൊരു അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍ പാലത്തെ പൂര്‍ണമായും അവഗണിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെട്ടിയാല്‍, കാക്കാത്തുരുത്തി ഭാഗത്തുള്ളവര്‍ക്ക് പഞ്ചായത്തിലേക്കും ആശുപത്രിയിലേക്കും എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇത്. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള കുട്ടികളടക്കം നിരവധിപേര്‍ ദിനംപ്രതി യാത്ര ചെയ്തിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. പാലം തകര്‍ന്നതോടെ കനാലിന്റെ ഇരുവശത്തുമുള്ള ജനങ്ങള്‍ ബുദ്ധിമുട്ടിലായി. പാലം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുമെന്ന് പാലം സന്ദര്‍ശിച്ച അന്നത്തെ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞിരുന്നു. ഇതിനുവേണ്ട എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കിയിരുന്നു. എന്നില്‍ പിന്നിട് യാതൊരു നടപടിയും ഉണ്ടായില്ല. പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു. ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ പാലങ്ങളും പുനര്‍നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചാല്‍ സര്‍ക്കാറിന്റെ ടൂറിസം പാക്കേജ് തടസ്സങ്ങളില്ലാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ഷണ്‍മുഖം കനാലിലെ തകര്‍ന്നുവീണ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം
Advertisement