ഇരിങ്ങാലക്കുട : ഏറെ തര്‍ക്കങ്ങള്‍ക്കിട നല്‍കിയ ഠാണ- ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയ റോഡിലേക്ക് സമീപവാസികള്‍ ഇറക്കി കോണ്‍ക്രീറ്റിങ്ങ് നടത്തിയത് പൊളിച്ചുനീക്കുമെന്ന് പി.ഡബ്ലൂ.ഡി വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി വെള്ളിയാഴ്ച റോഡിലേക്ക് ഇറക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ വീടുകളേയും സ്ഥാപനങ്ങളേയും ഇക്കാര്യം അറിയിക്കും. അവര്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ അടുത്തയാഴ്ച പി.ഡബ്ല്യൂ.ഡി. അനധികൃത ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തയാഴ്ച റോഡ് മാര്‍ക്കിങ്ങ് നടക്കുന്നതോടൊപ്പം ഇക്കാര്യങ്ങളും നടപ്പിലാക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ മുകുന്ദപുരം താലൂക്ക് വികസന സമിതിയും പി.ഡബ്ല്യൂ.ഡിയും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്. ലക്ഷങ്ങള്‍ ചിലവഴിച്ച് പി.ഡബ്ല്യൂ.ഡി വീതി കൂട്ടി കോണ്‍ക്രീറ്റിങ്ങ് നടത്തിയ റോഡിലേയ്ക്കാണ് ഇരുവശത്തുമുള്ള ഉയര്‍ന്ന ഫുട്പാത്തില്‍ നിന്ന് റോഡിലേയ്ക്കിറങ്ങുന്നതിനായാണ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കോണ്‍ക്രീറ്റിങ്ങ് നടത്തിയിരിക്കുന്നത്. എന്നാല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ന്നീട്ടും നഗരസഭയും പി.ഡബ്ല്യൂ.ഡി.യും നടപടിയെടുക്കാന്‍ തയ്യാറാകാതെ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.ഫുട്പാത്തിന്റെ ഉയരം കുറച്ച് റോഡിനോട് സമമാക്കുന്ന തരത്തില്‍ നിര്‍മ്മാണം നടത്തുന്നത് പദ്ധതി തയ്യാറാക്കുമെന്നും അത് വരെ നഗരസഭയുടെ പെര്‍മിഷനോട് കൂടി താല്‍ക്കാലിക നിര്‍മ്മിതികള്‍ സ്ഥാപിക്കുവാനും പി.ഡബ്ല്യൂ.ഡി.പ്രദേശവാസികളോട് ആവശ്യപെട്ടു. നടപടിയെടുക്കാതെ ഇരുകൂട്ടരും കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് നഗരസഭയോട് കര്‍ശന നടപടിയെടുക്കാന്‍ വികസന സമിതി ആവശ്യപ്പെട്ടത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ അടക്കം നടന്ന ചര്‍ച്ചയ്ക്ക് ശേഷം പി.ഡബ്ല്യൂ.ഡി. തന്നെ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു നഗരസഭ.