ഠാണ-ബസ് സ്റ്റാന്റ് റോഡിലെ കൈയേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ ഏറ്റെടുക്കണം : ചെയര്‍പേഴ്‌സണ്‍

411

ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ കൈയേറ്റങ്ങളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.താലൂക്ക് വികസനസമിതി യോഗത്തില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നഗരസഭ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനെതിരെ ചെയര്‍പേഴ്‌സണ്‍ അടക്കം ഭരണപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തി.റോഡ് പണി ആരംഭിക്കുന്നതിന് മുന്‍പ് നഗരസഭയെ അറിയിച്ചില്ലെന്നും,ഫണ്ടിന്റെ അപര്യാപ്തയുടെ പേരില്‍ പാതിവഴിയില്‍ റോഡ് പണി നിര്‍ത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാവണം റോഡ് നഗരസഭയക്ക് കൈമാറേണ്ടതെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു പറഞ്ഞു.റോഡിലെ സോഡീയം ലെറ്റുകളുടെ അടക്കം കേബിളുകള്‍ റോഡിന് പുറത്തിട്ട്  കോണ്‍ക്രീറ്റ് നടത്തുകയും സമീപവാസികള്‍ക്ക് വീടുകളിലേയ്ക്ക് കയറുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത സാഹചര്യം സൃഷ്ടിച്ചതും ആനമണ്ടത്തരമാണെന്ന് കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് പറഞ്ഞു.ആല്‍ത്തറയ്ക്ക് സമീപത്തേ കുഴികള്‍ അടക്കം അടച്ചാകും കോണ്‍ക്രീറ്റിംങ്ങ് പൂര്‍ത്തിയാക്കുക എന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്.ഒരു കോടിയിലധികം രൂപ ചിലവഴിച്ചാണ് ഠാണ-ബസ് സ്റ്റാന്റ് റോഡിന്റെ അരികുകളില്‍ കോണ്‍ക്രിറ്റിംങ്ങ് നടത്തിയത്.

Advertisement