കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര

515
ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരു സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 18 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് മുന്നില്‍. വി.ടി.ബി. ശ്രീകൃഷ്ണപുരം ആറു പോയിന്റുമായി രണ്ടാമതുണ്ട്. അഞ്ച് പോയിന്റുള്ള പി.എസ്.എം.ഒ. തിരൂരങ്ങാടിയാണ് മൂന്നാമത്. സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ചൊവ്വാഴ്ച ആരംഭിച്ച മീറ്റില്‍ അവസാന ഇനമായിരുന്നു 1500 മീറ്റര്‍ ഓട്ടം. ഇന്റര്‍നാഷണല്‍താരം  സി ബബിതയെ രണ്ടാമതാക്കി ചിത്രയുടെ സുവര്‍ണക്കുതിപ്പ്. 4.30 മിനുട്ടില്‍ തകര്‍ന്നത് സിനിമോള്‍ പൌലോസ് സ്ഥാപിച്ച 4.41 മിനുട്ടിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോഡ്. 2001-ല്‍ തൃശൂര്‍ വിമല കോളേജിനായാണ് സിനിമോള്‍ മത്സരിച്ചത്. യൂണിവേഴ്‌സിറ്റി മീറ്റില്‍ 1500 മീറ്ററില്‍ ചിത്രയുടെ നാലാം സ്വര്‍ണമാണിത്. നിലവിലെ ജേതാവായ ചിത്ര 5000 മീറ്ററിലും മത്സരിക്കുന്നുണ്ട്. ഏഷ്യന്‍ സ്വര്‍ണമെഡല്‍ നേടിയ ചിത്ര ആദ്യമായാണ്  1500-ല്‍ മത്സരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എം എ ഒന്നവര്‍ഷ ചരിത്ര വിദ്യാര്‍ഥിയായ ചിത്ര ബംഗളൂരുവില്‍ ദേശീയ ക്യാമ്പിനിടെയാണ് മത്സരിക്കാനെത്തിയത്.
Advertisement